വൃദ്ധസദനം

വൃദ്ധസദനം

മുഹമ്മദ് ഷെമിൽ

നാട്ടിലെ യുവാക്കളുടെ നിർബന്ധം മൂലമാണ് അവൻ ഒരു വൃദ്ധസദനം തുടങ്ങിയത്. അതിലേക്ക് ആദ്യത്തെ അഡ്മിഷനായി തന്റെ അച്ഛനെ തന്നെ ചേർത്തു. അവൻ ഉൽഘാടനവേദിയിൽ ഘോരമായി പ്രസംഗിച്ചു.

“ആദ്യത്തെ അംഗമായി എന്റെ അച്ഛൻ നിങ്ങളുടെ കൂടെയുണ്ട്…”

വർഷങ്ങൾക്ക് ശേഷം വാർധക്യം ബാധിച്ച അവനെ തന്റെ മകൻ ആ കൊല്ലത്തെ ആദ്യത്തെ അഡ്മിഷനായി ചേർത്തു. മുപ്പത്തിയഞ്ചാം വാർഷികത്തിൽ ആ മകൻ പ്രസംഗിച്ചു.

“ഈ സംരംഭത്തിന്റെ തുടക്കക്കാരനായ എന്റെ അച്ഛൻ നിങ്ങൾക്കിടയിലെ ഒരു അംഗമാണ്..”

എല്ലാം കേട്ടിരിക്കുന്ന അയാളുടെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനോട് സദസ്സിലിരിക്കുന്ന മുത്തച്ഛൻ പതിയെ പറഞ്ഞു കൊടുത്തു.

“മോനും അച്ഛൻ മാതൃകയാക്കിയ ഈ പ്രവർത്തനം ഒരു മുടക്കും കൂടാതെ അതിന്റെ മുറക്ക് തുടർന്നുകൊണ്ട് പോകണം…”

അതിന് സമ്മതമെന്നോണം മുത്തച്ഛനോടൊപ്പം അവനും വേദിയിൽ പ്രസംഗിക്കുന്ന അച്ഛനെ കയ്യടിച്ച് പോത്സാഹിപ്പിച്ചു.