ഈ സമയവും കടന്നുപോകും

ഈ സമയവും കടന്നുപോകും

ഷാജി എൻ. പാലയ്ക്കൽ

നേരമില്ലധികമിനി രാത്രി പുലരുവാനാവതി-
ല്ലെനിക്കൊരുപോളക്കണ്ണടയ്ക്കുവാൻ.

എൻപ്രിയനേകനായ് മുകളിലൊരു മുറിയിൽ
ദിനരാത്രങ്ങളെണ്ണി, മഹാമാരിതീർത്ത തടവിൽ.

താഴെയൊരു മുറിയിലെന്നരുമമകളും
തനിച്ചാണു രോഗം പടരാതിരിക്കുവാൻ.

വിധിയെപ്പഴിച്ചിവിടെ തനിച്ചിരിപ്പാണു ഞാ-
നൂണുമുറക്കവുമുപേക്ഷിച്ചെൻപ്രിയർക്കായ്.

ചെയ്യേണ്ടതെന്തെന്നുമേതെന്നുമറിയാതെയീ
തടവറയ്ക്കുള്ളിലെയന്ധകാരത്തിൽ ഞാൻ.

ആംബുലൻസുകൾ സൈറൺ മുഴക്കിപ്പായുന്നു.
ഒരിറ്റു കരുണയ്ക്കായ്,
ഒരിറ്റു കരുണയ്ക്കായുയരുംകരങ്ങൾ
പ്രാണന്നുവേണ്ടി മുറവിളികൂട്ടുന്നു രോഗികൾ.

ഭയത്തിൻകരിനിഴൽ ചേതനയിൽ പടരുന്നു.
തീരാവേദനയാൽ കരൾ നീറിയെരിയുന്നു.

ആകുലമാകുന്നിതെൻമനം ചിന്തയാലീ
ദുരിതപർവത്തിന്നന്ത്യമെന്നാകുമോ…?