താരാനാഥ് ആർ
പ്ലവസസ്യങ്ങളുടെ സ്വൈരം
തകർത്ത
രക്തദാഹിയാം സ്രാവേ
നിനക്ക് പച്ചയിൽ എന്തു ലാഭം?
സസ്യഭുക്കാകാൻ
കൊതിക്കുന്ന കടൽ ഭീകരാ
മാംസമല്ലാത്തവർ നിന്നെ സാധുവെന്നിത്ര നാൾ കരുതി !
ബോട്ട് മറിഞ്ഞ് മുന്നിൽ പെട്ട്
മരണത്തെ ധ്യാനിച്ച
ഹേ മുക്കുവാ ..
താങ്കൾക്ക് മുന്നിൽ
കടൽ ഒരു പുനർജ്ജനിയാകുന്നു
തീരത്തെ മരങ്ങളേ
വേരുകൾ ഇളക്കി ഓടാൻ ഒരുങ്ങുക
ഈ ജലജീവിക്ക് കാലും ചിറകും വെച്ചാൽ
നിങ്ങൾക്കു
സസ്യവിപ്ലവം ഗതി!
ചുകന്നു തുടുത്തു
കടലിൽ മുങ്ങുന്ന പഴമേ !
നാളെ നീ ലോകം കാണുമോ
ഈ ജലതൃണങ്ങളോടൊപ്പം