വിനീത് വിശ്വദേവ്
ഓർമ്മതൻ ചില്ലു ജാലകം തുറന്നപ്പോൾ മിഴിനീർ മഴ പെയ്തുപോയി…
കൂടുകൂട്ടിയ നൊമ്പരക്കിനാവുകൾ പെയ്തിറങ്ങി ഇടതോരാതെ
മഴയിൽ കുതിർന്ന നനവാർന്ന മെയ്യുമായി നിന്നു പോയി
പരിഭവം പെറാത്ത വിറയാർന്ന ചുണ്ടിനാൽ മന്ത്രിച്ചുകൊണ്ട് ഞാൻ.
കിനാവുകൾ പേറിടാത്ത മാനവരുണ്ടോ ഈ ഭൂതലത്തിൽ
നിദ്രയിൽ നെയ്ത സ്വപ്നങ്ങളെ ചേർത്തുവെച്ചു ഓടിനടന്നവർ
പാതിവഴിയിൽ നിലച്ചവർ വീണ്ടും അഗാധനിദ്രയിലാണ്ടുപോയി
നിദ്രയുണർന്നവർ പൂങ്കിനാവാക്കുവാൻ അശ്രാന്തം പണിപ്പെട്ടിരുന്നു.
ബാല്യത്തിലെൻ പ്രെജ്ഞയിൽ പേവിഷം കുത്തിയ സ്വപ്‌നങ്ങൾ
ഇഹലോകമറിയാതെ കുഴിമാടമൊരുക്കി യവ്വനയുക്തനാം വേളയിൽ
പകൽ കിനാവുകൾ സമ്മാനമായിത്തന്നു കാലം കടന്നുപോയി…
ഇനിയും ഒരുപാടു കാതമകലെ പാതിവഴിയിൽ നിലയ്ക്കുമോ ജീവിതം ..?
അന്ന് മനതാരിൽ കൊരുത്ത കിനാക്കൾ നിദ്രാവിഹീനനാക്കി
ജീവിതചക്രത്തിൽ രാപ്പകലുകൾ പിഴുതെറിയപ്പെട്ടുകൊണ്ടേയിരുന്നു…
സ്വപ്ന സഞ്ചാരിയായവന് യാഥാർഥ്യങ്ങൾ മാറാക്കടമ്പകളായിത്തീർന്നിരുന്നു
ഇന്നും ഞാൻ തഴുകിത്തലോടുന്നു പകൽക്കിനാവുകളാകാത്ത എൻ നൊമ്പരക്കിനാവുകൾ.