രാജൻ താന്നിക്കൽ
ചിതലുറനീക്കി മഹാ’നരക’ങ്ങൾ
ചിതഞ്ഞു മഹാജ്ഞാനി
പ്രലോഭനത്തിൻ പൊന്നുപൊതിഞ്ഞൊരു
കലമാനെപ്പോലെ,
സീതാ- രാമന്മാരെയകറ്റിയ
ദുർവ്വിധിയോർക്കുക നാം.
ഭൂമി പിളർന്നവൾ പോകുംമുമ്പെ
തിരികെ വിളിച്ചീടാൻ
ജനകപിതാവിനു കനിവുണ്ടായാൽ
രാമായണമുണ്ടോ?
പതിഞ്ഞുപോകും പൊതുധാരണയിൽ
പുതഞ്ഞുപോയ് സീത !
കൈപിടിച്ചു കൊടുക്കുന്നതുമുതൽ
സേവന ബന്ധുരയായ്
തുടരുകയാണീ”വിസ്മയ” ലോകം
പുതുപുതുകഥകളിലായ് !
താലിയെടുത്തു കടിച്ചവളോടീ –
കാലം വിരൽചൂണ്ടി.
“യക്ഷികൾ മൂതേവികളായ് വാഴും
ലക്ഷണമുള്ളവൾ നീ”.
കുങ്കുമധൂളി തുടച്ചവളോടായ്
മങ്കകൾ ചോദിച്ചു,
“ലക്ഷ്മണരേഖ കടന്നാൽ കാണിക –
ളക്ഷമരാകില്ലേ” !
വെച്ചുവിളമ്പി , തട്ടിയുടഞ്ഞ്,
പെറുന്നജന്മങ്ങൾ
പരമാവധികൾ, അപരാധികളായ്
ബലിയാടാകുമ്പോൾ !
പൊതുബോധത്തിൻ മാമൂലുകളുടെ
കെട്ടുകൾ പൊട്ടിക്കാൻ
ഭാരമൊഴിക്കുകയല്ലാ, വേണ്ടതു
ധാരണമാറ്റേണം.
സ്വന്തംവീട്ടിൽ തിരികെവരാനൊരു
പ്രതലം ശേഷിച്ചാൽ
ഭൂമിപിളർന്നും,ആഹുതി ചെയ്തും
പെൺമയൊടുങ്ങില്ല!
സ്വന്തംകാലിൽ നില്ക്കാനുള്ളൊരു
പ്രാപ്തി വരുംനാളിൽ,
ശിരസ്സു കുനിക്കുക, താലിച്ചരടതു ,
ദീർഘ സുമംഗളമാം.