അനീഷ് ഹാറൂൺ റഷീദ്
പൊരയുടെ കോലായിലിരുന്ന് മേൽപ്പോട്ട് നോക്കി
മരണത്തിന്റെ വഴികളെ കുറിച്ച് ചിന്തിക്കവേ
ഒരുത്തരം ഒരു സാരിയകലത്തിലിരുന്ന്
ആംഗ്യം കാണിച്ചു,
പതിവായി കായ്ക്കാത്ത മച്ചി പ്ലാവിന്റെ ചോട്ടിലിരുന്ന്
ചരമ കോളത്തിലെ സ്വന്തം ചിത്രത്തിനടിയിലെ
അടിക്കുറിപ്പിനെക്കുറിച്ച് അന്ധമില്ലാതെ ആലോചിക്കവേ ,
മരക്കൊമ്പിലെ ഉച്ചിയിലെ കൊമ്പിൽ ഞാത്തിയിട്ടിരിക്കുന്ന ഒരു തൂക്കുകയർ
എന്തോ പറയുന്നതുപോലെ തോന്നി,
തൊടിയിലെ ആൾമറയില്ലാത്ത പൊട്ടക്കിണറിൻ
ആഴങ്ങളിലേയ്ക്ക് നോക്കിയപ്പോൾ
തെളിഞ്ഞ പ്രതിബിംബം ശവങ്ങളെപ്പോലെ അലങ്കരിക്കപ്പെട്ടിരിക്കുന്നു…,
വെയിൽ മുറിവുകളിൽ
മരണത്തിന്റെ വഴികൾ ചുട്ടുപൊള്ളുമ്പോഴും തലേനാൾ
പെയ്ത നിലാവ് വിട്ടൊഴിയാത്ത അടയാളങ്ങൾക്ക്
മരണത്തിന്റെ തിളക്കം ,
ദാരിദ്ര്യത്തിന്റെ ചതുപ്പിൽ ആമാശയത്തെ മറവു ചെയ്ത് ,
കൊത്തേറ്റ സത്യത്തിന്റെ ഉടലിനെ തോളേറ്റി
കാലന്റെ കണക്കു പുസ്തകത്തിൽ ഒപ്പ് വയ്ക്കട്ടെ….