വിഹായസ്സിലേക്ക്

വിഹായസ്സിലേക്ക്

അസ്‌ലം തൈപ്പറമ്പിൽ

കൈവിട്ടു പോയ വാക്ക്
അഗ്നിപർവ്വതച്ചൂടായ്
ഹൃദയത്തിൽ
സൂക്ഷിച്ചവൾക്ക്
എന്റെ
ശിശിരത്തിന്റെ കവിത
തണുപ്പോ
തണലോ ആയില്ല.

പുലരിയിൽ ഞാനൊരു
ശലഭമാകാൻ
കൊതിച്ച പുഴുവോ
കൊഴിഞ്ഞ പൂവോ
ആകട്ടെ.

കിണറ്റിലേക്കിട്ട
പാതാളക്കരണ്ടി
ഹൃദയത്തിൽ
കൊളുത്തി വലിക്കുന്നു.
നിന്റെ
മനസ്സിന്റെയാഴത്തിലേക്ക്
മുങ്ങാങ്കുഴിയിട്ടവൻ
മുങ്ങി മരിച്ചതാണ്.

വീട്
മക്കൾ
കൂട്ടുകാരി എല്ലാം
വിധി കാത്തിരുന്ന
ആരാച്ചാർ.

ഏറ്റുവാങ്ങാനില്ലാത്ത
ശവശരീരം
പക്ഷികൾ ഭുജിക്കട്ടെ.
ചിറകുകൾ വീശിയവർ
ആകാശത്ത് പറക്കുമ്പോൾ
ഞാനും
എന്റെ സ്വപ്നങ്ങളും
വിഹായസ്സിലേക്കുയരും.