സിന്ധു ഗാഥ
നിശാ നീഡം
ഉപേക്ഷിച്ചിറങ്ങാറുണ്ട്
ചില നിഴലുകൾ
പ്രണയത്താൽ ശ്വാസം
മുട്ടി വിങ്ങിപ്പൊട്ടാറുണ്ട്
ചില നിഴലുകൾ
യഥാസമയം
പറയുവാനാവാത്ത
പ്രണയക്കടലുള്ളിലൊതുക്കി
പരസ്പരം തലതല്ലിയാർത്തു
നിലവിളിക്കാറുണ്ട്
ചില നിഴലുകള്‍
കഴിഞ്ഞുപോയ വഴികളിൽ
കൊഴിഞ്ഞുപോയ
സന്തോഷങ്ങളെ
ഓർമ്മക്കേടിന്
വിൽക്കാതെ നെഞ്ചിലെ
നെരിപ്പോടിലെരിയുന്ന
തീക്കുടുക്കയിലാക്കി
വെക്കാറുണ്ട്
ചില നിഴലുകൾ
കള്ളം പറയില്ലെന്നുള്ള
കള്ളം ഭംഗിയായി
പറയാറുണ്ട്
ചില നിഴലുകൾ
ഒറ്റക്കാക്കില്ലെന്ന്
പറഞ്ഞ വാക്കുകൾ
മറവിയിൽ
പൊതികെട്ടി
ആറ്റിലെറിഞ്ഞു
കളയാറുണ്ട്
ചില നിഴലുകൾ
നിഴലുകളെപ്പോലും
കഴുകിക്കളയുന്ന
ഇരുട്ടിന്റെ
പകിടക്കളിയിൽ
തോറ്റോടുന്ന
നിഴലുകൾ
ഒളിചിതറിയെത്തുമ്പോൾ
വീണ്ടുമരികെയണഞ്ഞു
മുറുകെപ്പുണരുന്ന
മൗനമായനുഗമിക്കുന്ന
നിയതിയാമാഴിയിൽ
മുങ്ങിത്താഴുമ്പോൾ
കൈകാലിട്ടടിക്കുന്ന
നിഴലുകളും
നിഴലാട്ടങ്ങളും