റബീഹ ഷബീർ
കണ്ണീരിൽ കലങ്ങിയൊലിച്ച
സിന്ദൂരത്തിന്റെ ഓർമ്മദിവസം!
പടിഞ്ഞാറൻ ചക്രവാളത്തിലെന്റെ
സൂര്യൻ മുങ്ങിപ്പോയിരിക്കുന്നു.
അന്ന്, ആകാശമിരുളുകയും
സീമന്തരേഖ വെളുക്കുകയുംചെയ്തു .
നിന്റെ മൗനത്തിലേക്കുയർന്നു
പറക്കാനാവാതെ,
ഓർമ്മകളെന്നെ ചുംബിച്ചുകിടക്കുന്നു.
ഉറക്കം ചത്തുകിടക്കുന്ന
നിന്റെ കണ്ണുകളിലേക്ക്
മാലാഖമാർ വന്നിറങ്ങിയ
ആരാവിൽതന്നെയാണ്
വെണ്മേഘക്കീറുകൊണ്ടു
തുന്നിയ ചിറകുകൾ
ആരോയെനിക്ക് സമ്മാനിച്ചത്.
മറവിയെക്കൊല്ലുന്ന നിന്റെയോർമ്മകളുടെ ആലിംഗനമെന്നെ മൃതിയോടുചേർക്കുന്നു.
അശ്വമേധം കഴിഞ്ഞിന്നുഞാൻ
നിന്റെ സ്വർഗ്ഗത്തിലേക്കുയരുന്നു.
വെളുത്തുപോയെന്റെ നെറുകയിൽ
ഒരുന്നുള്ളു സിന്ദൂരം തരിക നീ.
ഇതാ, ഞാൻ വരുന്നു;
വെണ്മേഘക്കീറുകൊണ്ടുതുന്നിയ
മൃതിയുടെ ചിറകുകളണിഞ്ഞ്.!