ഓർമ്മയുടെ ലോകം

ഓർമ്മയുടെ ലോകം

രമ്യ മഠത്തിൽത്തൊടി

എവിടെപോയാലും എവിടെയിരുന്നാലും
ഓർക്കാപ്പുറത്തവൾ പാറിയെത്തും
ഓർമ്മപ്പെണ്ണവൾ കൂട്ടുകാരി

വർണ്ണപ്പുടവ കുടഞ്ഞുടുത്തവളൊരു
നോവിൻമാലയെൻ നെഞ്ചിലിടും
ഓർമ്മയുടെഗന്ധം വിതറിയാഹാരം
ഓർമ്മയുടെലോകം കാട്ടിത്തരും.

ഏറിയ കൗതുകത്തോടെ ഞാനാ –
നവലോകവുംനോക്കി നിന്നുപോകും.
പിന്നിട്ടവഴികൾ വളഞ്ഞും ചുരുണ്ടും
ചിന്തയിലാണ്ടു കിടപ്പുണ്ടവിടെ.

കണ്ടാലോ വല്ലാത്ത പേടിതോന്നും
ഇന്നോളമമ്പായ് തറച്ചദു:ഖങ്ങൾ
കുന്നുപോലവിടെ കിടക്കുന്നല്ലോ
പണ്ടത്തെപോലെന്തോ മൂർച്ചയില്ലാ.
ഇന്നോളമെന്നിൽ പൂവായ്തറച്ചൊരാ
ആനന്ദമവിടെ നിറഞ്ഞുകാണാം.

നിറവുംമണവും ചോർന്നുപോയി.
പിന്നിട്ടയാത്രയിൽ ഹൃദയംതൊട്ടൊരു
തോഴരെല്ലാമവിടെ നിൽപ്പതുണ്ട്.
നഷടങ്ങളൊക്കെ തളിർത്തകൊമ്പിൽ
ഇഷ്ടഗാനംമൂളും കുയിലുമുണ്ട്.
കൈവിട്ടുപോയൊരാ ബാല്യകൗമാര
ങ്ങൾ ,ഊയലാടുന്നൊരാ മുറ്റമുണ്ട്

അപ്പൂപ്പൻതാടിയും ഉപ്പുനെല്ലിക്കയും
കണ്ണുരുട്ടുന്നതാ നീലവാനം.
ചില്ലുവളപ്പൊട്ടു കണ്ണിറുക്കുന്നതിൽ
പല്ലുപോയുള്ളൊരാ മുത്തശ്ശിയും.
എപ്പോഴും കരയുന്ന കൂട്ടുകാരൻ്റെ
പുഞ്ചിരിയുണ്ടവിടെ സൂര്യനായ്.

തുച്ഛമാണെങ്കിലും വീണുടയാത്തതാം
നല്ലനിമിഷങ്ങളുടണ്ടവിടെയിത്തിരി.
തിത്തിരിപക്ഷിയായ് പാറിടുന്നു .
അമ്മതൻഅടിയൂടെ ചൂടുംകനവും
ഇടിമിന്നലായവിടെ പായുന്നുണ്ട് .
കരളിൽകൊളുത്തിയ നഷ്ടപ്രണയം
തീരാത്തനോവായ് പുകയുന്നുണ്ട്.

കണ്ണുനിറഞ്ഞെൻ്റെ കരളുംനിറഞ്ഞൂ
പ്രാണൻ്റെപ്രാണനിൽ തൊട്ടനേരം.
ഓർമ്മപെണ്ണൊന്നു ചിറകടിച്ചു.
ഓർമ്മയുടെലോകം താണുപോയി.
ഓർമ്മപോലെങ്ങോ പറന്നുപോയി.