ലില്ലി

ലില്ലി

താരാനാഥ് ആർ

ഒന്നു മണ്ണു നനഞ്ഞപ്പോൾ
മഴയാണെന്നു കരുതി
കാലം തെറ്റി പൂത്ത ലില്ലി
ഇത്തിരി കണ്ണീരു കണ്ട്
തെറ്റിദ്ധരിച്ച്
ഉദ്യാനത്തിൽ വിടർന്നു നിൽപ്പുണ്ട്
എല്ലാ വെള്ളപ്പാച്ചിലുകളും
അണപൊട്ടിപ്പായുന്ന സ്നേഹമാണെന്ന്
കരുതുന്നവൾ
എല്ലാ ഉരുൾപൊട്ടലുകളും
ഉള്ളു പൊട്ടി വരുന്നതെന്നും
കരുതുന്നവൾ
അവൾക്കറിയില്ലല്ലോ
കപട ഋതുക്കളുടെ
കണക്കുകൂട്ടലുകൾ
ഭൂമിക്കടിയിൽ മൂടി വെച്ച
കിഴങ്ങിൽ അവൾ സ്നേഹത്തിൻ്റെ മാത്രം
ജനിതക വാക്യം സ്മരിക്കുന്നു.
എത്ര അബദ്ധം പിണഞ്ഞാലും
വീണ്ടും ആവർത്തിക്കുന്ന
നിഷ്കളങ്ക ലില്ലി