കിനാവ്
കാത്തുകിടക്കുന്ന
കടത്തുവള്ളം,
തുടുത്ത കവിളുകൾപോലെ
പുഞ്ചിരിതൂകുന്ന വാനം,
കൈകോർത്തിരുന്നു
കഥകൾ പറയുന്നത്
കേൾക്കാൻ
മേലെ വർണ്ണക്കടലിൽ
ഒളിച്ചിരിക്കുന്ന ചന്ദ്രക്കല,
ചന്ദനസുഗന്ധവുമായി
നിന്റെ വരവറിയിക്കുന്ന
തെക്കൻതെന്നൽ,
വാനത്തെപുൽകാൻ മോഹിച്ച്
വർണ്ണാഭരണം കടംവാങ്ങിയ
കായൽപ്പരപ്പുകൾ,
കഥകൾ കേട്ടും
ഓളങ്ങളുടെ ചുംബനമേറ്റുവാങ്ങിയും
മുകസാക്ഷിയാം കടത്തുവഞ്ചി,
പുലർകാലവും
സായന്തനവുമാണെനിക്കിഷ്ടം
എന്നോതുന്ന സൂര്യഗോളം,
നിന്റെ പാദസരക്കിലുക്കങ്ങൾക്കൊപ്പം
താളംപിടിക്കുന്ന കിളിക്കൂട്ടുകൾ
പുലരാതിരുന്നെങ്കിൽ
നമുക്ക് ഈ കടവുകൾതോറും
വഞ്ചിയുമായി
ഒഴുകിനടക്കാമായിരുന്നല്ലോ!