ശിഷ്ടം

ശിഷ്ടം

നൗസി മുഹമ്മദ്‌

ആർത്തനാദത്തിൻ കൂർത്ത മുള്ളുകൾ
പേർത്തുപേർത്തെന്നുറക്കം കെടുത്തവേ
ഓർത്തൊന്നുറക്കെ കരഞ്ഞിടാനാവാതെ
വാർന്നലിയുന്നൊരു മെഴുതിരിപോൽ ഞാൻ…

വെണ്ണീറാവുന്നു കത്തിയമർന്നു മോഹങ്ങൾ,
കണ്ണീർക്കണമായാത്മശകലങ്ങൾ സ്വപ്നങ്ങൾ…
ശ്വാസനിശ്വാസങ്ങൾക്കിടയിലാർത്തലച്ചുപെയ്യവേ
അമർന്നാടിക്കിതക്കുന്നിവൾ ഭ്രാന്തിയെപ്പോലെ…..

കാറ്റിലാടിത്തിമിർക്കുന്ന കന്യതൻ
കുരുന്നില നുണഞ്ഞ ബാല്യസ്മൃതികൾ
ഓർത്തുപോകുന്നു വൃഥാ മൂകസാക്ഷിയായ്
മുറുകുന്നു ഞരമ്പുകളാത്മസംഘർഷങ്ങളിൽ…

അടരുവാനാവാതെ കെട്ടുപിണഞ്ഞങ്ങനെ
ബന്ധങ്ങൾ തൻ മുറിപ്പാടുകളിൽ വലിഞ്ഞു
മുറുകുന്നു ശ്വാസനാളങ്ങൾ കയറെന്നപോൽ
മൃതഗാത്രമായിഴഞ്ഞും നിരങ്ങിയും നീങ്ങുന്നു…

ഒച്ചയനക്കങ്ങളില്ലാതിരുളിൽ
ഹോമിച്ചിടുന്നു ശിഷ്ടകാലം
എന്തിനെന്നറിയാത്തൊരാത്മരോദനം
മാത്രം മുഴങ്ങുന്നു കർണ്ണപുടങ്ങളിൽ…..