ഉയിരുണർച്ചകൾ

ഉയിരുണർച്ചകൾ

റബീഹ ഷബീർ

വസന്തം പൂത്തുലഞ്ഞ
കാടുകൾ പൂക്കളെ പൊഴിച്ചൊരു
കറുത്ത കുടചൂടുന്നു.
പ്രകാശരശ്മികളെ
വിധിയുടെ കൈകളാൽ
മറച്ചുകൊണ്ടൊരു
കരിനിഴൽ വീഴ്ത്തുന്നു.

വേർപാടിന്റെ മുൾക്കാടുകൾ,
വള്ളിപ്പടർപ്പുകൾ,
ശ്വാസംമുട്ടിക്കും പോലെ
കഴുത്തിൽ ചുറ്റിവളരുന്നു.

ജീവന്റെ ശ്വാസങ്ങളേന്തി
ചിറകുതളരാതെന്റെ ശലഭങ്ങൾ വേരാഴങ്ങളിലേക്ക് അതിവേഗം
പറന്നുപോകുന്നു.

ജീവന്റെയാഴങ്ങൾ തേടി
നീല നിറമുള്ള വേരുകളെന്നിൽ
പടർന്നനേകം ശാഖകളാകുന്നു.
ചുവന്ന രക്തത്തിന്റെ
ദിശാബോധമപ്പോൾ
ഉണർന്നു കുതിക്കുന്നു.

അബോധങ്ങളിൽ നിന്ന്
ബോധങ്ങളിലേക്ക്,
ചുണ്ടുകൾ വിറകൊള്ളുന്നു.
നീണ്ട മൗനത്തിൽ നിന്നൊരു
കറുത്തപക്ഷി പറന്നുപോകുന്നു.

ആശ്വാസത്തിന്റെ നെടുവീർപ്പു-
കളപ്പോൾ ഉയർന്നുതാഴുന്നു.
കടലാഴങ്ങളിലേക്കു കുഴഞ്ഞുപോയ
പുഞ്ചിരിയെ അദൃശ്യമായ് വന്നാരോ, ചുണ്ടുകളിലേക്ക് വലിച്ചുകയറ്റുന്നു.

ജീവന്റെയാഴങ്ങൾ തേടിപ്പോയ
വേരുകളിൽ വസന്തത്തിന്റെ
മുളപൊട്ടുന്നു.

നമ്മൾ രണ്ടിതളുള്ളൊരൊറ്റ-
പ്പൂവായ് പുനർജ്ജനിക്കുന്നു!