സുധി റിബൽ
“വലുതാകുമ്പോൾ
ആരാകണം?”
“പട്ടാളക്കാരൻ.!”
ടീച്ചറുടെചോദ്യം
തീരുംമുൻപ്,
ഞാൻകയ്യുയർത്തി.
പട്ടാളയൂണിഫോമിന്റെ
നിറമുള്ളകുപ്പായം,
മാമനാണുവാങ്ങിത്തന്നത്.
ഉത്സവപ്പറമ്പിൽനിന്ന്;
മഞ്ഞയുണ്ടകളിടാവുന്ന
തോക്ക്,
അച്ഛന്റെകീശയെ
കൊള്ളയടിച്ചു.
പൊരിച്ചമീനിന്റെ
പാതികൊടുത്താണു,
അനിയനെ
തീവ്രവാദിയാക്കിയത്.
മീൻരുചികളിൽ
അവൻ,
ഉണ്ടതീരുവോളം
വെടികൊണ്ടു.
മുഖത്ത്
കട്ടിക്കണ്ണട
വന്നഅന്നായിരുന്നു,
എന്റെവിരമിക്കൽചടങ്ങ്.
പിന്നെയാ
പട്ടാളക്കാരൻ
സിനിമയിലും
പത്രത്തിലുംമാത്രം
അതിർത്തിപങ്കിട്ടു.
കൂർക്കംവലിയുടെ
രാജ്യത്തിന്റെ
കാവൽക്കാരനാണിപ്പോൾ.
കട്ടിലിനുതാഴെ;
ജീവിതം
പെട്ടിയിൽ
ഭദ്രമായിരിപ്പുണ്ട്…