കിനാവ്
സൂക്ഷിച്ചു നോക്കൂ
മഴമറന്നിട്ടുപോയ
കാല്പാടുകൾ കാണാം
കിളികൾ മറന്നിട്ടുപോയ
ഇയാമ്പാറ്റയുടെ
ചിറകുകൾ കാണാം
പാല്ക്കാരൻ മറന്നിട്ടുപോയ
തുള്ളികൾ കാണാം
വെയിലുപേക്ഷിച്ച
മഞ്ഞപ്പൂക്കൾ കാണാം
അവളുപേക്ഷിച്ച
വളപ്പൊട്ടുകൾ കാണാം
മരങ്ങൾകൊഴിച്ച
ഓർമ്മയുടെ
പഴുത്തിലകൾ കാണാം
ജീവിതങ്ങൾ ചേർക്കാൻ
വലിച്ചുകെട്ടിയ
കൂട്ടിമുട്ടാത്ത
കമ്പികൾ കാണാം
നീളൻ വാലുള്ള
കറുത്തകുയിലുകൾ
മറന്നിട്ടുപോയ
പാട്ടുകൾ കാണാം
അവൾക്കു
കൊടുക്കാനായ്
കരുതിവച്ചുപേക്ഷിച്ച
പ്രണയലലേഖനങ്ങൾ കാണാം
കാലത്തിനൊപ്പമെത്താൻ
മരങ്ങൾ പൊളിച്ച
മതിലുകൾ കാണാം
പ്രളയങ്ങൾ
മറന്നിട്ടുപോയ
അടയാളങ്ങളും കാണാം
ചിലപ്പോൾ
ഞാൻതന്നെ
മറവിയാൽ
വീണുകിടക്കുന്നതും
കാണാനാകും
സൂക്ഷിച്ചുനോക്കൂ…