വീടും വാടകവീടും

വീടും വാടകവീടും

അനീഷ് കെ.അയിലറ

വിലക്കൂകളില്ലാത്ത വീട്ടിൽ
ജാതകം നോക്കാതെ
കൂടുകൂട്ടിയ
രണ്ടു കിളികൾ
ആകാശം മുട്ടെ
പറക്കാൻ കൊതിച്ചു.
അടഞ്ഞ
വാതിലുകൾ പോലെ
പഴമകൾ
ഒന്നൊന്നായി
മടുപ്പം കാണിച്ചു.
ചെരുപ്പു തെന്നി
ചെളി തെറിച്ച്
ഓരോ യാത്രയിലും
ശകുനപ്പിഴ നിറഞ്ഞു.
ഒടുവിൽ
സ്വന്തംവീട് പൂട്ടി
പഴഞ്ചൻ താക്കോലുമായി
വാടക വീട്ടിലേക്ക്
നടന്നു.
ഇപ്പോൾ
പുതുപ്പെണ്ണായി
പൂമുഖം.
പടിപ്പുര വാതിൽ
പിണക്കങ്ങളെ
പുറത്താക്കിയടയ്ക്കും.
ഇരുമ്പുപെട്ടി
തുരുമ്പിച്ച
വിഷാദങ്ങളടുക്കി വയ്ക്കും.
ആരോ ആരെപ്പോലെയോ
തോന്നിപ്പിക്കുമെന്ന്
കണ്ണാടിയലമാരയിൽ നോക്കി
കള്ളം പറയും.
വളഞ്ഞവിചാരങ്ങൾ
നേരെയാക്കാൻ
തടിക്കട്ടിലിൽ
നടുനിവർത്തും.
മച്ചിനകത്തൊളിച്ചിരുന്നാലും
വിവാദങ്ങളിൽ പെട്ടു
നാണംകടും.
പതുക്കെ
അവയൊക്കെ
കൂട്ടുചർച്ചകളും
പരദൂഷണങ്ങളും
നാട്ടുവർത്തമാനങ്ങളുമാകും.
വിരുന്നൂട്ടുന്ന
ഊണുമേശയിൽ
ആവലാതി പാത്രങ്ങൾ
നിറയും.
ഉറക്കം വരാത്ത കിടപ്പുമുറിയിൽ
എടുക്കുന്ന
തീരുമാനങ്ങൾ തെറ്റും.
ഉമിത്തീ പോലെ
ഉള്ളിലെവിടെയോ
അശാന്ത ചിന്തകൾ
പൊങ്ങും.
വാടകവീട്ടിൽ
പിന്നങ്ങോട്ട്
വേറെവേറെ അടുപ്പുകൾ
പുകഞ്ഞു തുടങ്ങും.
വേച്ച് വേച്ച്
നിൽക്കുന്ന വീട്
ഒടുവിൽ
വാതിലടഞ്ഞ്
വഴിമുട്ടി വീർപ്പുമുട്ടി
വയറൊട്ടി നില്ക്കും.
അപ്പോഴേയ്ക്കും
അടഞ്ഞ വീടിന്റ
പഴയ പൂട്ടുകൾ
തുരുമ്പിച്ച്
ആർക്കും എപ്പോഴും
തുറക്കാവുന്നതാകും.
കള്ളനും കാറ്റും വന്നു
ഒന്നും കൊണ്ടുപോകാ
നില്ലാത്തതു കൊണ്ട്
വാടകവീടു മടക്കി
പഴയ വീടിന്റെ വാതിൽ
മലർക്കെ തുറന്നിട്ട്
പുതിയ ആകാശം
കണ്ടു കിടക്കും.