ശോഭന
അഴകുമില്ലാതെ തനിക്കറുപ്പോടെ
ഇവളെ എന്തിനെന്നുദരത്തിൽ ദേവാ
ഇവൾക്കു മൂത്തവൾ അതീവ സുന്ദരി.
മൊഴിയുമമ്മയും ഇടയ്ക്കകമേയും
പിറകെയുള്ളതോ? പുരുഷജന്മങ്ങൾ..
അഴകുകുത്തിയിട്ടരി പോരാഞ്ഞീട്ടും
നരക…ത്രാണനം പ്രയാസമായീട്ടും
വലഞ്ഞുവെങ്കിലും പഴയകേൾവികൾ
മുറുക്കിത്താനല്ലോ പിടിച്ചുപോരുന്നു.
ചിലരോ പിന്നെന്റെ മെലിഞ്ഞദേഹത്തെ
നിരയൊത്തല്ലാത്ത ദശനജാലത്തെ
മിനുക്കാവേണിയെ ഒരുക്കാ തുണ്ഡത്തെ
ചികഞ്ഞുനോക്കിയിട്ടതിശയിക്കുന്നു.
സമയകാലത്തിലെഴുതാതുണ്ടച്ച
മുഷിഞ്ഞകണ്ണുകൾ..തുറിച്ചനോട്ടവും
തൊടാത്തകുങ്കുമക്കുറികൾപൊട്ടുകൾ
ഇതെന്തുരൂപമെന്നുറക്കെയും ചിലർ
വലിച്ചുവാരിയങ്ങുടുത്ത ചേലതൻ
വിലചോദിക്കേണ്ട; അവൾക്കിതേ ഹിതം
കുണുങ്ങിയാടുന്ന ചെവിയലങ്കാരം
തനിക്കുപറ്റില്ലെന്നുറച്ചു ചൊല്ലുവോൾ.
അടുത്തരാവിലെ കുളിക്കിടയ്‌ക്കുതാൻ
അവൾക്കുനഷ്ടമായ് പരിണയത്താലി
കുറച്ചു തപ്പിയിട്ടതു കിട്ടാഞ്ഞപ്പോൾ
എനിക്കുവേണ്ടെന്ന ഉറപ്പിലായവൾ
മനംപോലെ വന്നു ഭവിച്ചതാവണം
മറുത്തുചൊല്ലിയില്ലവളു മാരോടും
ഇതിപ്പോൾ നന്നായി നടന്നുപോകുന്നു
ഇഹത്തിലീ നാലുദശകദാമ്പത്യം…
ചിലരിടയ്ക്കെന്റെ വദനഭംഗിയെ
ചിരിതൻചന്തത്തെ, മിഴിയാംസൂര്യനെ,
സ്ഥിരമനസ്സിനെ, കഴിഞ്ഞഭൂതത്തിൽ പുകഴ്ത്തവേയോർത്തു…..
ഇതെന്തു നാടകം? ഉലകമീവിധം….