ദിനോസറുകൾ തിരിച്ചുവന്നപ്പോൾ…!

ദിനോസറുകൾ തിരിച്ചുവന്നപ്പോൾ…!

എം.ഒ. രഘുനാഥ്

മണ്ണ് നീരണിഞ്ഞു,

അതിലെന്നോ ജീവനുമുണർന്നു.

ഋതുക്കൾ മാറി മറിഞ്ഞു,

ജീവബിന്ദുക്കൾ വളർന്നും പിളർന്നും

ആനയും ദിനോസറുമുണ്ടായി.

കരയും കടലും ആകാശവും

ജീവനുകളാലുണർന്നു.

ഇടയ്‌ക്കെപ്പോഴോ

‘ഭൂ’ പല ഖണ്ഡങ്ങളായി,

കടലും കരയും

സ്വരൂപം മാറി മാറിയണിഞ്ഞു.

തങ്ങളിൽ ചെറുതായ

എല്ലാറ്റിനെയും

കൊന്നും തിന്നും

ലോകം കീഴടക്കാനാഞ്ഞപ്പോൾ,

സകല ചരാചരങ്ങൾക്കും

അമ്മയായ ഭൂമി,

തിളച്ചുയർന്ന്

വലിയ വയറും

ചെറിയ തലച്ചോറുമുള്ള

ദിനോസറുകളെ

ഹൃദയ ദ്രവമുരുക്കിയൊഴിച്ച്

ഉള്ളറകളിലടക്കി.

കാലചക്രങ്ങൾ പിന്നെയുമുരുണ്ടു,

രാസമാറ്റങ്ങൾ…

പരിണാമങ്ങൾ…

മണ്ണിൽ ചവിട്ടി നിന്ന്

കടലും ആകാശവും കടന്ന്

ലോകം,

ഗോളാന്തരങ്ങളിലേക്ക് വളർന്നു.

മണ്ണറകളിലെങ്ങോ

പുതഞ്ഞുറങ്ങിയിരുന്ന

ദിനോസറുകൾ,

തിരിച്ചറിയാനാവാത്തവണ്ണം

പുതിയ രൂപത്തിലും ഭാവത്തിലും

മാറിയ ഭൂതലത്തിലവതരിച്ചു.

വരകളും മറുവരകളുമായ്

അധികാരാതിർത്തികളുയർന്നു.

രക്തവും മാംസവും രുചിച്ച്,

ദിനോസറുകൾ

യന്ത്ര ചാലിത ക്രൗര്യത്തോടെ

ഭൂമികുലുക്കിയാർത്തു.

വരകളിലും വർണങ്ങളിലും

മാഞ്ഞുറങ്ങാൻ തയ്യാറാവാതെ

ചെറുമീനുകളുൾപ്പെടെ

അതിജീവനത്തിന്റെ

ചെറുത്തുനിൽപ്പുയർത്തി.

കരയും കടലും

ചോരക്കളമായി.

നിറവുമാകാരവും മറന്ന്,

ഇതര ജീവഗണങ്ങൾ

ചേർന്നുനിന്നപ്പോൾ,

ജീവഭൂമി വീണ്ടും ചുവന്നു തുടുത്തു.

ബാഷ്പമുഖമാർന്ന ഭൂമി

കാലാനുസൃതം

വീണ്ടും ഉരുകിയൊഴുകി,

ദിനോസറുകളെ

ആഗ്നേയ താപത്തിലെരിച്ച്,

ആഴങ്ങളിലടക്കി.