സതീഷ് അയ്യർ.
പ്രണയം പൂവിട്ട വഴിവക്കുകളിൽ കണ്ടുവോ നിങ്ങളെന്നെ…
ഞാൻ രാവുകൾ പകലാക്കുവോൾ…
പ്രണയമെൻ ശിരസ്സിൽ ചാർത്തിയ മുൾക്കിരീടവും ചുമന്നു നടപ്പവൾ…!!
ഇത്തിരി നനവാർന്ന് തലകുമ്പിട്ടുനിൽക്കും
പലരും ചൂടിയെറിഞ്ഞ് പാതികൊഴിഞ്ഞ ചുവന്ന പനിനീർ പൂവാണിന്നു ഞാൻ…!!
തലയുയർത്തി കൗമാരത്തിളക്കത്താൽ നാണം പീലിവിടർത്തി
തുള്ളിക്കളിച്ചൊരാക്കണ്ണുകൾ…
പാതി മയക്കത്തിൽ തൂങ്ങി കരിന്തിരിയായ് മിഴിക്കുന്നു..!!
ചുറ്റിലും കൗശലക്കണ്ണുകൾ കൂർപ്പിച്ചു…
ഓരോ കാലടിശബ്ദവും കാതോർത്തസ്ഥികളിൽ കാമവെറി
പൂത്തുലഞ്ഞ് പതുങ്ങിയിരിപ്പുണ്ട് സദാചാരത്തിൻ പൊയ് മുഖങ്ങൾ.!!
മനക്കാടുകളിൽ പ്രണയ ചുംബനത്തിൻ മുൾച്ചെടികൾ കുത്തിപ്പറിക്കുന്നു …
ഓർമ്മകൾ ഒരായിരമഗ്നിനാമ്പുകളായ് ശരവേഗത്തിൽ പാഞ്ഞടുക്കുന്നു.!!
ഇനിയുമുറങ്ങിയിട്ടില്ല ദൗർബല്യത്തിൻ ദുർബലനിമിഷങ്ങളിൽ ആഴ്ന്നുപതിച്ച
മനംകൊത്തിപ്പറിക്കും ചില വൈകൃത രാവുകൾ.!!
കണ്ണൊന്നടച്ചാൽ പാപങ്ങൾ ഞെരിഞ്ഞമരും ശീല്ക്കാരശബ്ദങ്ങൾ
പെരുമ്പറകൊട്ടി കാതുകളിൽ തുളച്ചിറങ്ങുന്നു.!!
സ്വപ്നങ്ങൾ മരിച്ചുറങ്ങുന്നു നിദ്രയില്ലാ രാവുകളിൽ..
മനക്കോട്ടകൾ പൊട്ടിച്ചിതറിയ സ്ഫടികപാത്രംപോലെ ചിതറി പിടയ്ക്കുന്നു…!!
പ്രയാണം… ഇനിയുമൊടുങ്ങാത്ത പ്രയാണം
പ്രാരാബ്ധക്കൊടുമുടികൾ താണ്ടുവാനുള്ള തീവ്രമാം പ്രയാണം.!!
രതിയുടെ കടലാഴങ്ങളിൽ അടിപതറി വീണമരുമ്പോഴും…
നഗ്നമാം പച്ചമാംസം കൊത്തി വലിക്കുമ്പോഴും
വേദനമരവിച്ച ശവശരീരമായ് മാറുന്നു…
ഒരുപിടിയന്നത്തിനായ് ഈ മാംസവും വിലപേശി
പച്ചനോട്ടിൻമണം കൊതിച്ചു യാത്ര തുടരുന്നവൾ..!!
ഇല്ല… വ്യതിചലിക്കുവാനാവില്ലെനിക്കിനി…
ആഴ്ന്നുപതിച്ചുപോയ് പേരും,മനസ്സും…
പെരുംവ്യാധികളാഴ്ന്നുപോയ് നീറുമീ ശരീരത്തിലും…
മാറ്റങ്ങളിനിവേണമെനിക്കും… മരണമാം മഹാസത്യത്തിൻ ഉൾച്ചുഴിയിലമരണം…
ഇനിയുമൊരു പുനർജന്മം കൊതിക്കാത്ത പെൺപൂവ് ഞാൻ.!!