തിരിച്ചറിവുകൾ

തിരിച്ചറിവുകൾ

സതീഷ് അയ്യര്‍

പകയുടെ ഭ്രാന്തന്‍
തുരുത്തുകളില്‍…
ഇനിയും കലി കെട്ടടങ്ങിയിട്ടില്ല.!!
കുത്തഴിഞ്ഞ ജീവിത
വികൃതമുഖംകണ്ട്…
സര്‍വ്വചരാചരങ്ങള്‍ക്കും,
ഭ്രാന്തിളകിയിരിക്കുന്നു.!!
നാശത്തിന്റെ വിഷബീജം വിതച്ച്…
മുന്നേപോയവര്‍ക്കറിയില്ല,
അല്പപ്രാണനുകള്‍…
നരകത്തീയിലെരിഞ്ഞൊടുങ്ങുന്നത്.!!
ചിന്തിക്കാം…
നമുക്കിനി ഇത്തിരിനേരമെങ്കിലും
ചിന്തിച്ചുണരാം.!!
ചീഞ്ഞളിഞ്ഞു നാറുന്ന
വൈകൃതസംസ്കാരങ്ങള്‍..
തച്ചുടച്ചുയിര്‍കൊള്ളണമിനി.!!
ഇനിയൊരു പുനര്‍ജ്ജനി…
പുത്തന്‍ തലമുറകള്‍ക്ക്,
പ്രാണവായുവാണ്.!!
ഗര്‍ഭപാത്രത്തില്‍നിന്നും…
പുറത്തേയ്ക്ക് തലനീട്ടി,
ശ്വസിക്കുവാനല്പം ശുദ്ധവായുവേണം.!!
കൊടും വേനല്‍ച്ചൂടിന്‍ വറുതിക്കറുതിയായ്…
വരളും തൊണ്ടയിലിറ്റിക്കുവാനൊരു തുള്ളി,
ശുദ്ധജലം വേണം.!!
ചക്കയും,മാങ്ങയും,കപ്പയും…
കീടനാശിനിമുങ്ങാത്തൊരുപിടി കുത്തരിച്ചോറ്…
വിഷംനിറച്ചുണ്ട് കുടലുദ്രവിക്കാതെ…
നാട്ടുപച്ചക്കറികള്‍,പച്ചിലകള്‍ വേണം.!!
പുത്തന്‍ പരിഷ്കാരമാറ്റത്തിന്റെ…
ക്രൂരമാം ചിത്രങ്ങളില്‍ നിന്നും,
പിന്നാമ്പുറങ്ങളിലേയ്ക്കൊന്നു തിരിച്ചുനടക്കണം.!!
നൂറിലും യൗവ്വനം കാത്ത…
വാര്‍ദ്ധക്യങ്ങളെ കണ്ടുപഠിക്കണം.!!
ആ പാദങ്ങളില്‍വീണ്…
മാപ്പിരക്കണം.!!
അമ്മിഞ്ഞപ്പാലാമൗഷധംനല്കി…
ചുറുചുറുക്കേറും തലമുറയെ സൃഷ്ടിച്ച്,
മാതൃത്വം കാത്തവരെ കൈയ്യെടുത്ത് കുമ്പിടണം.!!
തോടും,മലയും,പുഴകളും…
പച്ചപ്പാടങ്ങളും കാണുവാനില്ലാത്ത,
യന്ത്രങ്ങളാം പൈതങ്ങളോട്…
നമുക്കുത്തരം പറയണം.!!
ഒരു തിരിച്ചറിവിലൂടെ…
തിരിച്ചു വരവിലൂടെ…
തിരിച്ചു നല്കലിലൂടെ.!!