നിലാമഞ്ഞിൽ

നിലാമഞ്ഞിൽ

കിനാവ്

നിലാവടർന്നുവീണു
ചിതറിയ
പാതയോരങ്ങളിലൂടെ
നിന്നോർമ്മകൾ
നടക്കുമ്പോഴൊക്കെ
നിശാഗന്ധികൾ
സുഗന്ധം
വിതറാറുണ്ടായിരുന്നു

ആ അന്തിമുല്ലപ്പൂക്കൾക്കും
ഇലഞ്ഞിപ്പൂക്കൾക്കു-
മിടയിലെവിടെയോ
ആയിരുന്നു
നിൻ കാർക്കൂന്തൽഗന്ധം

എത്ര ഋതുക്കൾ
വന്നുപോയിട്ടും
പെരുമഴക്കാലങ്ങൾ
മത്സരിച്ചിട്ടും
അവയൊന്നും
ഒലിച്ചുപോയിട്ടില്ല.

നിഴലുകൾ
ചെമ്മൺപാതയിൽ
അവ്യക്തരൂപങ്ങൾ
വരയ്ക്കുമ്പോൾ
നിനക്കെന്തെങ്കിലും
ഓർത്തെടുക്കാനാകുന്നുണ്ടോ?
നീ ഋതുമതിയായ-
തെന്നായിരുന്നു!

ആകാശമേലാപ്പിൽ
നിന്നിറങ്ങിവരുന്ന
മഞ്ഞുകണങ്ങൾ
നിന്നെച്ചോദിക്കുന്നുണ്ട്!
ഞാനെന്തുപറയണം!

നീ സന്യാസിനിയായെന്നോ
അതോ
ഉറക്കത്തിലാണന്നോ!
ഡിസംബറോർമ്മകൾ
പേറുന്ന
നക്ഷത്രങ്ങൾ
ഈ ജനുവരിയിലും
വീടുകളിൽ
പ്രകാശം ചൊരിയുന്നുണ്ട്.

മഞ്ഞുവീണ്
കുളിരുപടർന്ന
രാത്രികളായിരുന്നല്ലോ
നിനക്കേറെയിഷ്ടം.
ഇറങ്ങിനടക്കാൻ
നിനക്കു ചൂടുപകർന്നു
നിന്നോടൊപ്പം
വെളുപ്പിക്കാനായിരുന്നു
എനിക്കുമിഷ്ടം.

നീയില്ലായ്മയിൽ
മഞ്ഞും നിലാവും
ഭൂമിയിലെ
നക്ഷത്രങ്ങളും
ഈ ഞാനും
എന്തോ പരതുകയാണ്

തണുത്തകാറ്റുമാത്രം
കൂസലില്ലാതെ
വീശിക്കൊണ്ടിരിക്കുകയാണ്
നിനക്കായ്
മഞ്ഞുകണങ്ങളുമായ്
വരികയാകും….