പരീക്ഷ

പരീക്ഷ

ഹരിദാസ് എം യു

ഐതീഹ്യത്തിൽ
നിന്നായിരുന്നു
ആദ്യത്തെ ചോദ്യം.

നാറാണത്തിന്
ഭ്രാന്തുണ്ടായിരുന്നോ?

ഉണ്ടെന്നുമാകാം
ഇല്ലെന്നുമാകാം
തർക്ക വിഷയം തന്നെ.

ചരിത്രത്തിൽ
നിന്നായിരുന്നു
രണ്ടാമത്തെ ചോദ്യം

സോക്രട്ടീസിനും
ഗാഡ് ഗില്ലിനും
ഭ്രാന്തുണ്ടായിരുന്നോ?

അതൊരു തർക്ക വിഷയമേയല്ല
കാലം വെളിപ്പെടുത്തു മത്!

ശാസ്ത്രത്തിൽ
നിന്നായിരുന്നു
മൂന്നാമത്തെ ചോദ്യം

ന്യൂട്ടനു ഭ്രാന്തുണ്ടായിരുന്നോ
തലയിലാപ്പിൾ, വന്നു
വീണതിന്റെ പേരിൽ
ഭൂമിയെക്കുറിച്ച്
ഇത്രയേറെ ചിന്തിക്കാൻ?

ഭൂഗുരുത്വാ…..

ഉടനെ:
ഉത്തരമെഴുതാൻ
വരട്ടെ,
എന്നായി ഇൻവിജിലേറ്റർ.
കാലം മുഷുപ്പിച്ച
ഭംഗിയുള്ള വാക്കാണ് ഭ്രാന്ത്.
ഫ്രിഡ്ജ്
ടിവി
പേന
പുസ്തകം
വാച്ച്
എല്ലാം ഭ്രാന്തമാം
ചിന്തയിൽ പൂത്തത്.
ഇടയ്ക്കൊക്കെ
നമ്മുടെയുള്ളിലുമുണ്ടാകും
ആരുമാരും
കാണപ്പെടാതെ പോയ
ഒരു പ്രാന്തൻ കണ്ടൽച്ചെടി.

ഇൻവിജിലേറ്ററുടെ
സ്വരം താഴ്ന്നു.

അഞ്ചാമത്തെ ചോദ്യം
വായിച്ചു തുടങ്ങിയതും
തലച്ചോറിനകത്തിരുന്ന്
പക്ഷിമൃഗാദികൾ ചിലയ്ക്കാൻ തുടങ്ങി.

ഭ്രാന്തുള്ളവരാണോ
ഭൂമിയെ
ഇത്രയേറെ നശിപ്പിച്ചത്?

അപ്പോഴാണ്
തലേന്നു ചോർത്തിക്കൊടുത്ത
ചോദ്യങ്ങൾക്കുത്തരമെഴുതി
ആരൊക്കെയോ
കള്ളച്ചിരിയോടെ ഇറങ്ങിപ്പോയത്.