അജിതൻ ചിറ്റാട്ടുകര
ഇറങ്ങിവന്നു ഗാന്ധിയും
പ്രതിമയിൽ നിന്ന്,
സ്വാതന്ത്ര്യദിനമാഘോഷിക്കാൻ .
വഴിയോരങ്ങളിൽ നിറയെ
മഴവില്ലുകൾ വിരിയിച്ച്
ത്രിവർണ്ണപതാകകൾ,
മിഠായിവിതരണം
ലഡു
പായസം
പ്രസംഗം…
എന്നാൽ,
ചില കാഴ്ചകൾ
പുറകോട്ട് പിടിച്ചുവലിച്ചു
ഗാന്ധിയെ.
ദൂരെയുള്ള
ആശുപത്രിയിലേക്കു ചുമക്കുന്നു
കാട്ടുപാതയിലൂടെ കറുത്ത മക്കൾ,
പേറ്റുനോവ് തുടങ്ങിയ
ഒരാദിവാസിപ്പെണ്ണിനെ!
വിശപ്പടക്കാൻ
അന്നം മോഷ്ടിച്ചവന്റെ
വിചാരണ ചെയ്തു വികൃതമാക്കിയ ജഡം
വേറൊരിടത്ത്!
ഒറ്റപ്പെട്ട വീട്ടിൽ,
മറ്റൊരിടത്ത്
ഒരു പെൺകുട്ടിയുടെ
നഗ്നമായ ഉടലിൽ ഉറുമ്പരിക്കുന്നു..!
ചോരയിൽ കുളിച്ച്
മരിച്ചുകിടക്കുന്നു ഒരുവൻ തെരുവോരത്ത്,
അറുപത്തൊന്നോ എഴുപത്തൊന്നോ
വെട്ടുകൾ കൊണ്ട് !
തെല്ലകലെ
പഴകിവീഴാറായ കെട്ടിടത്തിന്റെ
വരാന്തയിൽ
മഴയേയും മഞ്ഞിനേയും ഭയന്ന്
പുതച്ചുമൂടിയുറങ്ങുന്നു
പുറമ്പോക്കിലെ ഒരു കുടുംബം!
കരിഞ്ഞുണങ്ങിയ വയൽപ്പരപ്പിനു നടുവിലെ വരമ്പോരത്ത്,
ഇലകൊഴിഞ്ഞ മരത്തിൽ
തൂങ്ങിനിന്നാടുന്നു വേറൊരുവൻ,
ചേറു പുരണ്ട്!
ആൾക്കൂട്ടങ്ങൾ കച്ചവടം നടത്തുന്ന
ഇറച്ചിച്ചന്തയിൽ
ഇപ്പോഴും ചൂടാറാതെ
ഇരുകാലികളുടെ കാൽകൊറു!…..
തലകറങ്ങി ഗാന്ധിക്ക്
എല്ലാം കണ്ടപ്പോൾ.
മിഠായി നുണയാതെ
ലഡു തിന്നാതെ
പായസം രുചിക്കാതെ
പ്രസംഗങ്ങൾ കേൾക്കാതെ
തിരിച്ചു കയറി വേഗം ഗാന്ധി,
പ്രതിമയിലേക്ക്.
ഈ കരിങ്കല്ലിലെ ശാന്തിയും സമാധാനവും,
സ്വാതന്ത്ര്യവും സുരക്ഷിതത്വവും
വേറെയെവിടെ കിട്ടാൻ?