കിനാവ്
തെക്കെ മൂലയിലെ
മരക്കൊമ്പിൽനിന്നാകും
ഒരു കിളിയിപ്പോഴും
കരയുന്നുണ്ട്
ചീവിടുമേളങ്ങൾക്കുപരിയായി
അതൊരേയാവർത്തിയിൽ
വന്നുപോകുന്നുണ്ട്
രാവു കനത്തിട്ടുണ്ട്
ഞാനാകാശത്തുനിന്നുമെടുത്തു
കൊളുത്തിവച്ച
നക്ഷത്രമിപ്പോഴും
ആ മരക്കൊമ്പിലിരിക്കുന്നുണ്ട്
ആ കിളിത്തേങ്ങലുകൾക്ക്
ആരു ചെവികൊടുക്കാൻ
ഞാനുറങ്ങാനായി
പുസ്തകവും പേനയും
ഹൃദയവും കട്ടിലിന്റെ
ഒരു വശത്തേക്ക്
ഒതുക്കിവച്ചിട്ടുണ്ട്.
പടിഞ്ഞാറെക്കോണിലെ
പാഴ്മരം ഇലയില്ലാശിഖരങ്ങൾകാട്ടി കിളിയെ കൂട്ടുവിളിക്കുന്നുണ്ട്
അപ്പോൾ മരത്തിനു
ചില്ലകളുള്ളതായും
കൂടൊരുക്കാൻ ഇടമുള്ളതായും
തോന്നുന്നുണ്ട്.
ഒറ്റമരത്തിന്റെ
നിഴലിപ്പോൾ
മുറ്റത്തിരുന്നു
നിലാവുകൊള്ളുകയാണ്
വരാനുള്ള തുലാവർഷത്തേയും
കാത്തുകാത്താകും..