മിഴിനീർ

മിഴിനീർ

അംജദ് ഖാൻ കക്കോവ്

പ്രസവവേദനയിൽ
ഹൃദയം പിടഞ്ഞപ്പോൾ
ആശ്വാസമരുളിയ
പേറ്റിച്ചിയാണ്

ആനന്ദാതിരേകത്താൽ
മനം നിറഞ്ഞപ്പോൾ
തുളുമ്പിയ
പാലരുവിയാണ്

അക്രമിക്കപ്പെട്ട
വലിയുളളികൾക്ക്
അവസാന ശ്വാസത്തിലെ
പോരാട്ടമാണ്

കത്തിക്കാളുന്ന
ജ്വാലകളെ
അടക്കിനിർത്തിയ
ഇളം ചൂടാണ്

ഉലകൊണ്ടുമലിയാ
ഉരുക്കുഹൃദയരെ
ഉരുക്കിയെടുത്ത
അമ്ലകണങ്ങളാണ്

കാറ്റിന്റെ കൈവശം
കരയ്ക്കു വേണ്ടി
കടൽ കൊടുത്തയക്കുന്ന
പ്രണയലേഖനത്തിലെ
ലവണലാവണ്യവുമാണ്