മുറ്റത്തേക്കിറങ്ങുന്ന വീട്

മുറ്റത്തേക്കിറങ്ങുന്ന വീട്

ബിന്ദു പ്രതാപ്

പുലരിയുടെ മൃദുകിരണങ്ങൾ തൊട്ടുണർത്തുംമുന്നേ
അകത്തളത്തിന്റെ ഉറക്കച്ചടവൊഴിഞ്ഞിരിയ്ക്കും.

പതുക്കെ വീഴാതെ ചുവടുകൾ പിടിച്ചു
ആളനക്കങ്ങളിൽ
അലിഞ്ഞു ചേരും.

വെട്ടം കൂടുന്തോറും
വേഗത കൂടുന്ന കാലടികളിൽ
സമയ നഷ്ടത്തെ ക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടിരിയ്ക്കും.

ഒച്ചയനക്കങ്ങൾ
കൈവീശിക്കാണിച്ചു പടികടന്നുപോവുമ്പോൾ നിശബ്ദതയുടെ
മേൽമുണ്ട് വാരിപ്പുതച്ച്‌
മുറ്റത്തേക്ക് എത്തിനോക്കും.

വെയിൽ പരക്കുമ്പോഴേയ്ക്കും, ബാക്കിയുള്ള
അടുക്കിപ്പെറുക്കലുകളിൽ ഓടിനടന്ന്
മൗനത്തിന്റെ ചവർപ്പിറക്കും.

മദ്ധ്യാഹ്നം പിറക്കുമ്പോളാണ്
ശൂന്യതയുടെ ഇരുൾ അകത്തളത്തിലേയ്ക്കു പതിയെ കടന്നുവന്ന്
നിഴലും വെളിച്ചവും കളിയ്ക്കാൻ തുടങ്ങുന്നത്.

വിഷാദത്തിന്റെ നനവൊതുക്കി
കണ്ണുകളടച്ച്
പതുക്കെ ഉറക്കത്തിന്റെ
കൈകൾ ചേർത്തു പിടിയ്ക്കാനൊരു ശ്രമം നടത്തും.

അസ്വസ്ഥതയുടെ
കമ്പിളിപ്പുതപ്പിനുള്ളിൽ വീണ്ടും
അകത്തളത്തിന്റെ ചിന്തകൾ ഉഷ്ണിച്ചു കൊണ്ടിരിയ്ക്കും .

തിരിഞ്ഞും മറിഞ്ഞും കിടന്ന്
ശൂന്യതച്ചില്ലയിൽ
കൂടുവെയ്ക്കാൻ ശ്രമിക്കുന്ന
കറുത്ത പക്ഷികളെ
ആട്ടിയകറ്റും .

പിന്നെ,
പോക്കുവെയിലിൽ നാലു മണിപ്പൂക്കൾ
തിളങ്ങുന്നതുംകാത്ത്,
ഒച്ചയും വെളിച്ചവുമായ് ചിരിച്ചോണ്ട് കടന്നുവരുന്നൊരു
നാടോടികാറ്റിനെയും പ്രതീക്ഷിച്ച്
ഉമ്മറവാതിൽ തുറന്നു വയ്ക്കും…….!!!