മഴയുടെ സ്ഥാനാന്തരങ്ങൾ

മഴയുടെ സ്ഥാനാന്തരങ്ങൾ

ശോഭ ജി ചേലക്കര

പാതയോരത്തു പെയ്യുന്ന മഴയ്ക്ക്
ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ
ഛായയാണ്..
അവൾ മുഖം കുനിച്ച്
ദീനദീനം തേങ്ങുകയും
വെളുത്ത കാൽപ്പാദങ്ങളാൽ
മണ്ണിലാഞ്ഞു തിമിർത്ത് രോഷം തീർക്കുകയും ചെയ്യും…
പ്രണയമഴ പെയ്യുന്ന പുഴയോരങ്ങളുണ്ട്…
നാണം കുണുങ്ങിയായ
കന്യകയെപ്പോലെ അവൾ
കാൽനഖം കൊണ്ട്
മണൽതരികളിൽ വട്ടം വരച്ചുകൊണ്ടേയിരിക്കും…
നനുത്ത കാറ്റിനൊപ്പം
നാണത്തോടെ
മണ്ണിന്റെ നഗ്നമായ ഉടൽ ഭംഗികളിൽ
അമർത്തി ചുംബിക്കുന്നതും
ആ മാദകഗന്ധത്തിലേക്ക്
ആഴ്ന്നിറങ്ങുന്നതും കാണാം..

കുന്നിൻ മുകളിലും നദികളിലും ചടുല നൃത്തം ചെയ്യുന്ന പ്രളയമഴയുമുണ്ട്‌
ദുർഗ്ഗാദേവിയെപ്പോലെ…
സർവ്വതും നശിപ്പിക്കാനുള്ള ത്വരയുണ്ടാകും
ആ താണ്ഡവനൃത്തത്തിന്!
സ്ഫടികക്കണ്ണുകളിൽ
അഗ്നിയൊളിപ്പിച്ച്
ഒരു കൂർത്ത നോട്ടമുണ്ട്!

അന്തിമയങ്ങുമ്പോൾ
വിടിന്റെ ഇറയത്തിരുന്ന്
പതം പറയുന്ന അമ്മ മഴയുണ്ട്…
കാഴ്ച മങ്ങിയ പ്രതീക്ഷകൾ
ഹൃദയത്തിലിറ്റിച്ച് ഇടവഴിയിലേക്കു
മിഴികൾ പായിച്ച്
അവൾ
മെല്ലെ മെല്ലെ വിതുമ്പിക്കരയും…
പിന്നെ ശോക താളമായി
അലിഞ്ഞലിഞ്ഞില്ലാതാകുന്നതുവരെ
ആവിയായിപ്പോയ
വിയർപ്പു പാടങ്ങളിലേക്ക്‌
ഇറ്റിറ്റു വീണു കൊണ്ടേയിരിക്കും…