കുട്ടിക്കവിതകൾ

കുട്ടിക്കവിതകൾ

സന്തോഷ് എസ് ചെറുമൂട്

പൂമ്പാറ്റ

വലിച്ചെടുത്ത്
ഉയര്‍ന്ന്‌
പറന്നിറങ്ങിയപ്പോള്‍
തൂവിയ
പൊടി
പുതിയവര്‍ക്ക്
പാറിയിറങ്ങാന്‍
പൂവായി….

പകലവൻ

ലോകത്തിനൊപ്പം നടക്കാൻ
സൂര്യൻ കാലുകുത്തുന്ന നേരത്തേ
നമ്മൾ ‘കാലത്തെ’യെന്നു പറയും.
ഉച്ചിക്കു മുകളിലവനെത്തുന്ന നേരത്ത് ‘ഉച്ച’യായെന്നു പുലമ്പും.
പാവമല്പം പടിഞ്ഞാട്ടു പോയാൽ
ദേണ്ടെ … ‘ഉച്ച തിരിഞ്ഞ’ന്നു കേൾക്കാം.
വൈകാതിരിക്കാനവൻ ശ്രമിക്കുന്നത്
‘വൈകുന്ന നേര’വുമാക്കി.
വെറുതെയല്ലിവനു നാം പകലവനെന്നൊരു
പര്യായമിട്ടത് കേട്ടോ .

ആന

നാലു പെരുന്തൂണുകാലും
നല്ല നാലു മുഴത്തിന് വാലും
വീശറിയേക്കാൾ വലിപ്പത്തിൽ
പുറം വീശിയടിക്കും ചെവിയും.
മസ്തകച്ചന്തത്തിനൊത്ത
തിരു നെറ്റിയിൽ പട്ടവും കെട്ടി
താഴേയ്ക്കു നീളുന്ന തുമ്പിയതു –
മേറെച്ചുരുട്ടിപ്പിടിച്ച്
തൂവെള്ളക്കൊമ്പുകളായ വമ്പിൻ
ചേലതുമേന്തിപ്പതുക്കെ
ദൂരനിന്നന്തികത്തെത്തും
ആന കാണുവാനെന്തൊരു ചന്തം.

തിരമാല

നീലപ്പട്ടുഞൊറിഞ്ഞതുമായ്
ചീറി വരുന്നൊരു തിരമാല
തീരത്തെത്തി നുരകൾ കൊണ്ടൊരു
കയ്യൊപ്പിട്ടു മടങ്ങുമ്പോൾ
കാണാനില്ലാ മണലിൽ കോറിയ
കുഞ്ഞൻ വിരലിൻ കുസൃതികൾ.

അനിയത്തി

പാവയ്ക്ക് പാവാട തുന്നും
പ്ലാവിലപ്പാത്രം മയക്കും
പാരാതിലക്കറി വയ്ക്കും
നല്ല കണ്ണൻ ചിരട്ടയിൽ ചോറും.
മണ്ണുകൊണ്ടുള്ള ചോറുണ്ണാനവൾ
എന്നെയും കൊഞ്ചി വിളിക്കും
ചെന്നില്ലയെങ്കിൽ ചിണുങ്ങും
പിന്നെക്കൊഞ്ചൽ കരച്ചിലായ് മാറും.