ആൺ /പെൺ പ്രണയം

ആൺ /പെൺ പ്രണയം

റീന പി ജി

ആണിന്റെ പ്രണയത്തിന്
അപകടവളവുകൾ
ഏറെയാണ്.
മൗനത്തിന്റെ കുത്തൊഴുക്കിൽ
ഓരോ ഹെയർപിൻ വളവുകളിലും ഒരു
സഡൺ ബ്രേക്കിന്റെ
ഭീതിയേറും ആന്തലാണ്.

പെണ്ണിന്റെ ശരീരഘടനയാണ്
ആണിന്റെ പ്രണയത്തിന്.
ഓരോ മുനമ്പുകളിലും
അനേകം രഹസ്യങ്ങളുടെ
കള്ളറകൾ.
വാചകങ്ങളില്ലാതെ
വെറും കുത്തിലും
കോമയിലും ഒതുക്കുന്ന
ചില യാത്രകൾ.

പെണ്ണിന്റെ പ്രണയത്തിന്
ആയിരം കഥകളാണ്.
പതിനായിരം നാവുകളും.
പറഞ്ഞുകൊണ്ടേയിരുന്നാൽ
എത്ര പറഞ്ഞാലും തീരില്ല.
ഒരിക്കൽ പറച്ചിൽ
നിർത്തിയാൽ പിന്നീടൊരിക്കലും ഒന്നും പറയാനും ഉണ്ടാവില്ല.

അത് ഓരോ
ആരോഹണാവരോഹണങ്ങളിലും
മൂർച്ചയേറിയ കൊക്കിനാൽ
അതീവ ശ്രദ്ധയോടെ
ചിറകുകൾ ചീകിമിനുക്കുന്ന
ദൈർഘ്യങ്ങളാണ്.

രണ്ട് പ്രണയങ്ങളും
രണ്ട് ബോഗികളിൽ
ഇരുദിശകളിലേക്ക്
പോകുന്നെങ്കിൽ പിന്നെ
പ്രണയം സമാന്തരമെന്നോ
രണ്ടറ്റവും കൂട്ടിമുട്ടാത്തതെന്നോ
എന്ത് വേണമെങ്കിലും
നിങ്ങൾക്ക് അനുമാനിക്കാമല്ലോ.