കറ

കറ

ദുർഗ്ഗ പ്രസാദ്

അവർ വന്നു വിളിയ്ക്കുന്നു
ചുട്ടെടുത്ത ശവത്തിന്റെ-
യുപ്പു നോക്കാൻ;
വെന്തതിന്റെ പരുവം നോക്കാൻ

അവർ വന്നു വിളിയ്ക്കുന്നു
കട്ടുവച്ച മുതലിന്റെ
കണക്കു നോക്കുവാൻ
പങ്കു പകുത്തെടുക്കാൻ

അവർ വന്നു വിളിയ്ക്കുന്നു
കൂടുതല്ലിത്തകർക്കുവാൻ
കിളിക്കുഞ്ഞിന്നിളം തൂവൽ
പറിച്ചെടുക്കാൻ

അവർ വന്നു വിളിയ്ക്കുന്നു.. കാവുതീണ്ടിക്കുളം മൂടി –
പ്പെരുത്ത പട്ടണം കെട്ടി –
പടുത്തുയർത്താൻ

അവർ വന്നു വിളിയ്ക്കുന്നു
കരം കാട്ടിച്ചിരിക്കുന്നു.
അതിൽ വീണു മയങ്ങി
നീയണി ചേരുന്നു

അവർ തൻ കൈകളിൽ
ചോരക്കറയുണ്ടിന്നതു നിന്റെ
വിരലിലും പുരണ്ടേ പോയ്..
കറുത്ത രക്തം