അവസ്ഥാന്തരം

അവസ്ഥാന്തരം

ബിന്ദു പ്രതാപ്

ഉടഞ്ഞ മൗനചിപ്പികൾ
അടർന്നുവീണ
വാക്കിന്റെയാകാശം
കൗതുകങ്ങൾ പൂത്ത
വെയിൽ ചില്ലകളിൽ
ചിലമ്പൽ കൂട്ടിയ
വിചാരപ്പക്ഷികൾ
ചിന്തകൾ വാരിക്കെട്ടിയ
നിറമില്ലാപ്പൊതികൾ
നീലിച്ച അധരങ്ങളിൽ ചാർത്തിയ
മരവിപ്പിന്റെ മന്ദഹാസം
കാല്പനികതയുടെ
ഇടനാഴിയിൽ
പൊരുളറിയാ
നിഴൽ നൃത്തങ്ങൾ
കാഴ്ചകളുടെ നേരറിവുകൾ
വകഞ്ഞു മാറ്റി
ചിതറിപ്പറന്ന
അബോധ ശലഭങ്ങൾ
സ്വാതന്ത്രത്തിന്റെ വേലിപ്പൂക്കൾക്ക്
മുള്ളുകൾ കൊണ്ട ചോന്ന നനവ്
ഇരുട്ടിന്റെ കരിമ്പടത്തിൽ
നിദ്രയറ്റ മിഴിനീർപ്പാടുകൾ
കലഹിച്ച മൗനത്തിനൊപ്പം
പൂത്തിറങ്ങിയ
ചെമ്പരത്തിപ്പൂക്കൾ
ചുവന്ന ഇതളുകളിൽ
പതിഞ്ഞ അർത്ഥാന്തരങ്ങൾക്ക്
മൗനസമ്മതം