പ്രമോദ് കുറുവാന്തൊടി
പ്രണയകാലത്തിന്റെ ചിറകുകൾ വീശി നാം
പതിയെയെങ്ങോ പറന്നു പോകുന്നുവോ
പരിഭവങ്ങൾക്കു വിട നൽകി നമ്മളീ
പരിണയത്തിന്റെ സുഖമിതേല്ക്കുന്നുവോ
താരകം പോൽ തിളങ്ങുന്ന മിഴികളിൽ
ചേലുലാവുന്ന നോട്ടം പിറന്നുവോ
ചെമ്പകം പൂത്ത പൊൻ കവിൾപ്പാടമീ
ചുംബനത്തിൽ ചുവപ്പാർന്നു മിന്നിയോ
പാറി വീഴുന്ന മുടിയിഴക്കുള്ളിലായ്
ഞാനൊളിക്കുന്ന നേരം നിനച്ചുവോ
മാറിൽ വീഴും മുടിക്കെട്ടിനുള്ളിലായ്
ഞാൻ കുരുങ്ങിച്ചിരിച്ചതും കണ്ടുവോ
മഞ്ഞിറങ്ങുന്ന സന്ധ്യയിൽ പൂത്തു നീ…
ചക്രവാളത്തിനിപ്പുറം നിൽപ്പു ഞാൻ
പാതിരാവിന്റെ ചില്ലകൾ തോറുമീ
പൂനിലാവിന്റെ ചേലകൾ തൂക്കി നീ ….
വെണ്ണ പോലുടൽ…സ്പർശമാം തീയ്യിനാൽ
തെല്ലുരുക്കുവാൻ കാത്തു നിൽക്കുന്നുവോ
എന്റെ നിശ്വാസരാഗ വേഗങ്ങളിൽ
നീ ജ്വലിക്കുവാൻ നേരമായില്ലയോ …
വെള്ളിമേഘം മുഖം നോക്കി നിൽക്കുവാൻ
തീർത്ത പൊയ്കയിൽ നാം മദിച്ചീലയോ
നിന്നുടൽ പുൽകിയെത്തും ജലത്തിലൂ
ടന്നു ഞാൻ ശുദ്ധനായ് ഭവിച്ചീലയോ ..
പിന്നെയും കൊന്നപൂത്തപോൽ വന്നതും
പല കിളിപ്പാട്ടു നിന്നിൽ തിരഞ്ഞതും
ചില്ല കാണാതെ പൂത്തൊരാ പൂമര
ച്ചോട്ടിൽ നമ്മൾ പ്രണയം കൊറിച്ചതും ..
ഒരു കിനാവിലീ പിച്ചകപ്പല്ലുകൾ
കോർത്ത മാല്യമീ നെഞ്ചിൽ പതിച്ചതും
പല പ്രഭാതങ്ങൾ നിദ്രയെത്തുന്നതിൻ
മുമ്പുദിച്ചതും നമ്മിലാണല്ലയോ ..
ഓർത്തുവെക്കുവാനേറെയുണ്ടെങ്കിലും
ഓലകൾ കുറിച്ചൊട്ടു തന്നെങ്കിലും
എത്രയോ വാക്കു ബാക്കിയാണോമലേ
നിന്നൊടോതുവാൻ … ഏതു കാലത്തിലും …