കവിതയും ഭാഷയും

കവിതയും ഭാഷയും

പത്തുമണിപ്പൂ

രണ്ടു കിളികൾ
പ്രണയിക്കുന്നതെങ്ങനെയെന്ന്
പഠിക്കാൻ
പടികൾക്കു മുകളിലെ
മരക്കൊമ്പിൽ വന്നിരുന്നു
താഴെ
രണ്ടു കമിതാക്കൾ
ഒട്ടിയിരിക്കുന്നു
തീരേ വിടവില്ലാതെ
തോളുകൾ ചേർത്ത്
കൈകൾ കോർത്ത്
ഇത്രയടുത്തിരുന്നിട്ടും
എന്തിനാണിങ്ങനെ
കാതുകൾക്കുള്ളിൽ വന്ന്
മന്ത്രിക്കുന്നത്…?

വാക്കുകൾ കിട്ടാതാവുമ്പോൾ
വെറുതെ കല്ലുകൾ
പെറുക്കി ദൂരേക്കെറിയുന്നു
വെറുതെ ചിരിക്കുന്നു.
കൈകൾ അകലേക്ക് ചൂണ്ടുന്നു

കിളികൾ
നോക്കിയിരിക്കുന്നു
തൂവലുകൾ ചേർത്ത്
തീരേ വിടവില്ലാതെയവരും
ഒന്നായിയിരിക്കുന്നു.
ഇലകൾ
ചില്ലകൾ
മരം
കാറ്റ്
ഒരു കിളി…!

കാമുകനിപ്പോൾ
കാതിൽ നിന്നിറങ്ങി വന്നു
ശബ്ദം ക്രമാതീതമായി
ഉയർന്നു വരുന്നു.
ഇപ്പോൾ വാക്കുകൾക്ക്
തീരേ പഞ്ഞമില്ല
വിടവുകളിലും
കാറ്റിന് ശ്വാസം മുട്ടുന്നു
അകലേക്ക് ചൂണ്ടിയ
കൈകൾ അന്യോന്യം
കൊമ്പു കോർക്കുന്നു.

കിളികൾ
കാതിൽ നിന്നും
കാതിലേക്കിറങ്ങി വന്നു
ഉച്ചത്തിൽ ശബ്ദമുയർത്തി
വിടവുകളിലെ
കാറ്റിനെ തലോടി
ചിറകുകൾ നീട്ടി വിരിച്ചു
ചുണ്ടുകളുരുമ്മി
പ്രണയത്തിനിടയിലെ
കളിയെന്ന കണക്കെ-
ഒന്നായിത്തന്നെയിരുന്നു.

അവർ രണ്ടു വഴികളിൽ പിരിഞ്ഞു;
കിളികളും.

അടുത്ത ദിവസം
അതേ കിളികൾ
പ്രണയിക്കുന്നതെങ്ങനെയെന്ന്
പഠിക്കാൻ
പടികൾക്കു മുകളിലെ
മരക്കൊമ്പിൽ കാത്തിരുന്നു
അവർ വന്നില്ല
‘ഇന്നലെയവർ എന്തു
പറഞ്ഞാണ് പോയത്
നമുക്ക് ഭാഷയറിയില്ലല്ലോ’
അവർ ചുണ്ടുകളുരുമ്മി
ഒട്ടിയിരുന്നു
തീരേ വിടവില്ലാതെ
തൂവലുകൾ ചേർത്ത്…!