മൗനവല

മൗനവല

സിന്ധു ഉല്ലാസ്

നമുക്കിടയിൽ ഒരു ചിലന്തി
നെയ്തു കൊണ്ടിരിപ്പാണ്
നിറമറ്റൊരു മൗനവല

ചെറുകാറ്റു വന്നാൽ മതി
മഴത്തുള്ളിയൊന്ന്
അടർന്ന് വീണാൽ മതി
ഉടഞ്ഞുപോകുമത്

വലക്കണ്ണിയുടെ ഇടയിലൂടെ
അറിയാതെ ചില പരൽ മീൻ
നോട്ടങ്ങൾ കടന്നു വരും
കൂട്ടിമുട്ടാതെ തിരികെ
പോകാൻ വെമ്പൽ കാട്ടും

ഉടയാതിരിക്കാൻ എത്ര
തത്ര പ്പെടുന്നുണ്ട് നാം
എങ്കിലും പിന്നെയും പിന്നെയും
നെയ്ത് കൊണ്ടേയിരിക്കുന്നു
വെള്ളി നൂലിഴയുള്ള മൗനവല