വെയിൽ പൂക്കൾ

വെയിൽ പൂക്കൾ

റീന പി ജി

വർഷങ്ങൾക്കു ശേഷമാണ് ഈ വഴിയിലൂടെയുള്ള യാത്ര. മന:പ്പൂർവ്വം കാർ എടുത്തില്ല. ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പുറകോട്ട് മറയുന്ന കാഴ്ചകൾക്കിടയിലൂടെ വർഷങ്ങൾ പുറകോട്ട് സഞ്ചരിക്കാനുള്ള കൊതി. രാവിലെ രണ്ട് ഇഡ്ഢലിയും ഒരു ഗ്ലാസ് പാലും നിർബ്ബന്ധിച്ച് കഴിപ്പിച്ചാണ് ഭാര്യ യാത്രയാക്കിയത്.

വളഞ്ഞ് പുളഞ്ഞ റോഡ്. കുത്തനെയുള്ള കയറ്റവും ഇറക്കവും വണ്ടിപ്പാളയമാണ് ഇറങ്ങേണ്ട സ്ഥലം. ട്രെയിനിംഗ് കഴിഞ്ഞ് ആദ്യം പോസ്റ്റിംഗ് കിട്ടിയത് ഈ സ്ഥലത്ത് ആയിരുന്നു.ഇരുപത്തിയാറ് വർഷം മുന്നെ ഒരു എൽ പി സ്കൂളിൽ .കുറച്ച് കുട്ടികളും അധ്യാപകരും മാത്രം. എല്ലാ കുട്ടികളും പാവപ്പെട്ട തൊഴിലാളികളുടെ മക്കളായിരുന്നു.അതു കൊണ്ട് തന്നെ ഉച്ചഭക്ഷണമൊന്നും പലർക്കും ഇല്ലായിരുന്നുവെന്ന് തോന്നുന്നു. എങ്കിലും എന്തൊരു ഉശിരായിരുന്നു ആ കുട്ടികൾക്ക് .
വണ്ടൻമേട് വണ്ടൻമേട് ക്ലിനർ ഉറക്കെ വിളിച്ച്‌ പറയുന്നു.പെട്ടെന്ന് ഓർമ്മകളിൽ നിന്ന് ഉണർന്നു. നല്ല മഴയുണ്ട്. വണ്ടിപ്പാളയത്തിനടുത്തുള്ള ഒരു സ്കൂളിലേക്കാണ്‌ ഉദ്ഘാടനത്തിന് പോവേണ്ടത്. ഒരു എഴുത്തുകാരന് ഓരോ യാത്രകളും പ്രിയപ്പെട്ടതാണ്‌. എഴുതാനുള്ള ഊർജ്ജം ഓരോ അനുഭവങ്ങളായി യാത്രകളിൽ നിന്ന് ആർജ്ജിക്കുന്നു. ഓർമ്മകളുടെ കനൽത്തുരുത്തിലെ ഓരോ ചീളുകളും അക്ഷരങ്ങളാക്കി മാറ്റുന്നു.

സാർ അടുത്ത സ്റ്റോപ്പാണ് വണ്ടിപ്പാളയം. അവിടെ നിന്ന് ഒരു കി.മീ ഉള്ളിലാണ് മിഷണറി സ്കൂൾ.
ബസ് നിർത്തിയപ്പോൾ ഇറങ്ങി.സ്റ്റോപ്പിൽ സ്കൂളിലേക്ക് കൊണ്ടുപോവാനുള്ള വണ്ടിയുമായി ഒരാൾ കാത്തു നിൽപ്പുണ്ട്.സ്കൂൾ അധികൃതർ ഏർപ്പാടാക്കിയതാണ്. ഏകദേശം ഒരു കി.മി സഞ്ചരിച്ച് മിഷനറി സ്കൂളിലെത്തി.
കവാടം നന്നായി അലങ്കരിച്ചിരിക്കുന്നു. ആർട്സ് ഡെ ഇനാഗുറേഷൻ ആണ്. നന്നായി അലങ്കരിച്ച ഉദ്ഘാടന വേദി. ബൊക്കെയുമായി സ്വീകരിക്കാൻ വെള്ളയുടുപ്പിട്ട മാലാഖക്കുട്ടികൾ. ബാൻഡ്‌ സെറ്റ്. വെള്ളയുടുപ്പിട്ട കന്യാസ്ത്രീകൾ.അവരെയെല്ലാം നോക്കി ഗൗരവം വിടാതെ ഒന്ന് പുഞ്ചിരിച്ചു. വലിയ ആരാധനയാണ് കുട്ടികളുടെയും അധ്യാപകരുടെയും കണ്ണുകളിൽ കാണുന്നത്. അതിൽ തെല്ല് അഹങ്കാരം തോന്നാതിരുന്നില്ല.ആരാധകരായി വായനക്കാർ ധാരാളമുണ്ട്. അതിൽ കൂടുതലും സ്ത്രീകൾ ആണ്. ഒരളവുവരെ അത് ആസ്വദിക്കാറും ഉണ്ട്.

ആരാധനയോടെ നോക്കുന്ന കണ്ണുകൾക്കിടയിൽ നിന്ന് വലത്തെകണ്ണിന് താഴെ ഒരു കാക്കപ്പുള്ളിയുള്ള കന്യാസ്ത്രീയുടെ കണ്ണുകളിൽ ചെന്ന് നിന്നു. ഈ കണ്ണുകൾ! എവിടെയോ നല്ല പരിചയം ഉണ്ടല്ലോ.” ..! ഇത് അന്നയല്ലേ!
ഇരുപത്തിയാറ് വർഷങ്ങൾക്ക് മുന്നെ ഒരു എൽ പി സ്കൂൾ. അവിടെ താൽക്കാലികമായി നിയമിക്കപ്പെട്ട അന്ന ടീച്ചർ.
ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അന്ന ടീച്ചർക്ക് തന്നോടെന്തോ ഒരു പ്രത്യേ കതയുള്ളതുപോലെ തോന്നിയത്. മിക്കവാറും പന്നിയിറച്ചി വരട്ടിയതും പോത്ത് ഉലർത്തിയതും ഒക്കെ തന്റെ പാത്രത്തിലേക്ക് സമൃദ്ധിയായി ഇട്ടു തരുമായിരുന്നു. അന്നേ പ്രഭാകരൻ മാഷ് പറഞ്ഞിരുന്നു നരേന്ദ്രാ അന്നക്കുട്ടിക്ക് തന്നോടൊരു കണ്ണുണ്ട്. ഒന്ന് മുട്ടിക്കോ എന്ന്. ഒരു യാഥാസ്ഥിതിക നായർ കുടുംബത്തിൽ ജനിച്ച നരേന്ദ്രനും കത്തോലിക്കാ സമുദായത്തിൽ പെട്ട അന്നക്കുട്ടിയും ഇരുപത്താറ് വർഷം മുന്നെ പ്രണയിച്ചാലുള്ള അവസ്ഥ എന്താവുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ” ‘അമ്മാവൻ എൻഎസ്എസിന്റെ കരയോഗം സെക്രട്ടറി.അമ്മാവൻ പറയുന്നതിനപ്പുറത്തേക്ക് അമ്മ ഒരടി നീങ്ങില്ല’. അച്ഛൻ വെറും റബർ സ്റ്റാമ്പായിരുന്നു. അന്നത്തെ മരുമക്കത്തായ സമ്പ്രദായത്തിൽ അച്ഛനല്ലായിരുന്നു അമ്മാവനാണ് പ്രാധാന്യം
അന്ന ടീച്ചറെ പോലെ ഒരു കൃശഗാത്രിയായിരുന്നു മനസ്സിൽ ‘വെള്ളാരം കണ്ണുകൾ, കണ്ണു കൾക്ക് താഴെയുള്ള വലിയൊരു കാക്കാപ്പുള്ളി ഇതൊക്കെ എത്രയോ നാൾ മനസ്സിനെ വേട്ടയാടിയിട്ടുണ്ട്.പലപ്പോഴും ഉണ്ടാവാൻ സാധ്യതയുള്ള പുകിലുകൾ ഓർത്ത് ആ പ്രണയം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

അധികം വൈകാതെ തന്നെ നാട്ടിലേക്ക് ട്രാൻസ്ഫർ ലഭിച്ചു.വെള്ളാരം കണ്ണുകൾ വല്ലപ്പോഴും ഓർമ്മകളിൽ വരാറുണ്ടായിരുന്നു. അവളൊരു നായർ സ്ത്രീ ആയിരുന്നെങ്കിൽ….. എന്ന് വിചാരിച്ചിരുന്നു.
തമ്പുരാൻ അങ്ങനെയാണ്. കയ്യെത്താ ദൂരത്ത് ഉള്ളതിനോടാണ് ഭ്രമം തോന്നിപ്പിക്കുക.
ഉദ്ഘാടന വേദിയിൽ ഇരിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ആ കണ്ണുകൾ വല്ലാതെ വേട്ടയാടി.
പ്രസംഗ പരിപാടികൾക്കും സമ്മാനദാനത്തിനും ശേഷം ഭക്ഷണ ഹാളിലേക്ക് ആനയിച്ചു.വിവിധ തരം മത്സ്യങ്ങളും മാംസവും പഴങ്ങളുo ഒക്കെയായി ഗംഭീര വിരുന്ന് തന്നെ. അവിടെയും ഉണ്ട് ആ വെള്ളാരം കണ്ണുകൾ. എന്തേകർത്താവിന്റെ മണവാട്ടിയായതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേഒരപരിചിതനെപ്പോലെ പെരുമാറാനേ സാധിച്ചുള്ളൂ. കർത്താവിന്റെ മണവാട്ടിമാർക്ക് ചാഞ്ചല്യം ഉണ്ടാവാൻ പാടില്ലല്ലോ. എങ്കിലും ആ കണ്ണുകളിലേക്ക് ഒന്നു നോക്കി. നിറഞ്ഞു തുളുമ്പിയിരിക്കുന്നു. എത്ര നിസ്സഹായനാണ് മനുഷ്യൻ ചില സമയങ്ങളിൽ .വേഗം ഭക്ഷണം കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു..
ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാനുണ്ട് സർ… പ്രിൻ സിപ്പാളിന്റെ ശബ്ദം. ഫോട്ടോക്ക്‌ പോസ് ചെയ്തപ്പോഴും അന്ന തന്നെയാണ് മനസ്സിൽ

‘ സാറിന്റെ അവാർഡ് ലഭിച്ച കൃതികൾ എല്ലാം വായിച്ചിരുന്നു.അന്നയാണ് ‘ കണ്ണുകൾ വീണ്ടും കൂട്ടിമുട്ടി .നന്ദി സിസ്റ്റർ.പറയുമ്പോൾ കണ്ണിൽ നോക്കാതിരിക്കാൻ പാടുപെട്ടു.

യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ മനസ്സ് പിടഞ്ഞു. ഒന്നു സംസാരിക്കാൻ സാധിച്ചില്ലല്ലോ. ഇനിയൊരിക്കലും കാണുകയേ ഇല്ലായിരിക്കും. അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.കണ്ണട ഊരി ടവ്വലെടുത്ത് കണ്ണുകൾ തുടച്ചു.
തിരിച്ച് വീട്ടിലെത്തുന്നതു വരെ മനസ്സ് ചരടു പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ ആയിരുന്നു. ജിവിതത്തിന്റെ അർത്ഥമില്ലായ്മയായിരുന്നു മനസ്സിൽ ‘

വിരൽത്തുമ്പിൽ നിന്ന് ഊർന്നു പോകുന്ന മഞ്ഞുകണങ്ങളാണ് ഓരോ ഓർമ്മകളും .അതിന്റെ തണുപ്പ് മരണം വരെ ഉച്ചിയിൽ തന്നെ ഉണ്ടാവും. ബസ്സിന്റെ കമ്പിയിൽ തല ചാരി ഇരുന്ന് കണ്ണടച്ചു.വെള്ളാരം കണ്ണുകളിലെ തുളുമ്പിയതുള്ളികളെ ആവാഹിച്ച തണുത്ത കാറ്റ് കൺപോളകളെ വന്ന് മെല്ലെ തലോടി. പതിയെ കണ്ണുകൾ അടഞ്ഞു…
ഇപ്പോൾ ഒരു പഞ്ഞിക്കെട്ടുപോലെ മേഘങ്ങൾക്കിടയിലൂടെ പറന്നു നടക്കുകയാണ്.. വിരലുകളിൽ ഒരു ഒരു ചെറിയ തണുപ്പ്. അതെ അത് ആവിരലുകളാണ്. മുറുകെ പിടിച്ചു. ഊർന്നു പോവാതിരിക്കാൻ……. ഇനി ഒരിക്കലും .