സജദില്‍ മുജീബ്
ഒാരോ മരണവും ജീവിതത്തെ മറ്റൊരുലോകത്തേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. അടയാളങ്ങള്തേടിയുള്ള ആ യാത്ര ഞാന്‍ അനുഭവിച്ചത് ഈ ശവമുറിയില്‍ നിന്നാണ്. കണ്ണുകള്‍കൊണ്ട് കണ്ടുത്തീരാത്തത്രയും കാഴ്ച്ചകള്‍ ബാക്കിയാക്കി മരണത്തിന്റെ അപാരതയിലേക്ക് ലയിക്കുമ്പോഴും ചില നിറങ്ങള്‍, ചില ഗന്ധങ്ങള്‍ നമ്മെ പിന്തുടരുന്നുണ്ടാകും. ആ ഗന്ധങ്ങള്‍ തേടിയുള്ള അലച്ചിലിലാണ് ഞാനിപ്പോഴും.
ഇന്നെനിക്ക് പന്ത്രണ്ടുവയസ് തികയും. എല്ലാ പിറന്നാള്ദിവസവും വൈകുന്നേരങ്ങളില്‍ അമ്മയെന്നെ പാര്‍ക്കില്‍ കൊണ്ടുപോകാറുണ്ട്. എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണ് അമ്മ.
പ്രകാശം പരക്കുന്ന മുഖമുള്ള സൗന്ദര്യവതിയാണ് അമ്മ.
ഇടതൂര്‍ന്ന തലമുടി വിരിച്ചിട്ട് നെറ്റിയിലൊരു വട്ടപ്പൊട്ടുമായി അമ്മ നിന്നാല്‍ വാഗശ്ശേരിക്കാവിലമ്മയാണെന്നേ തോന്നൂ.
എന്തൊരു കാന്തശക്തിയായിരുന്നെന്നോ അമ്മയുടെ കണ്ണുകള്‍ക്ക് !
വിരലുകള്‍ കൊണ്ട് തലയില്‍ തലോടിയുറക്കുമ്പോള് പാടാറുള്ള ആ പാട്ട് ഇപ്പോഴുമുണ്ട് കാതില്‍. എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു അമ്മ.
അയാളെനിക്ക് ബ്രാണ്ടിമണക്കുന്ന കാറ്റ് മാത്രം. അയാളെത്തുംമുമ്പേ അമ്മയെന്നും എന്നെയുറക്കും. എന്റെ ഉടല്മാര്ദ്ദവങ്ങളെ ആര്‍ത്തിയോടെ തഴുകാനെത്തുന്ന അയാളില്‍ നിന്നും എപ്പോഴുമെന്നെ രക്ഷപ്പെടുത്തിയിരുന്നത് അമ്മയാണ്. അതിന്റെ പേരില്‍ അവര്തമ്മില് വഴക്കുണ്ടാകും.
ഒരുദിവസം അയാളുടെ പ്രഹരമേറ്റ് മൂക്കിലൂടെ ചോരയൊലിപ്പിച്ച് അമ്മ ഒരുപാട് കരഞ്ഞു.
അയാള്‍ എന്റെ അച്ഛന് തന്നെയാണോ എന്ന് പലവട്ടം അമ്മയോട് ചോദിച്ചിട്ടുണ്ട്. ഒരു മൗനമന്ദഹാസം കൊണ്ടാണ് അമ്മയതിന് മറുപടി പറയാറ്. സാധാരണയായി പത്തുമണിക്ക് മുമ്പേ ഞാനുറങ്ങാറുണ്ട്. ആദിവസവും അങ്ങനെതന്നെയായിരുന്നു. പക്ഷേ പാതിരാത്രിയില്‍ ഞാനുണര്ന്നുനോക്കുമ്പോള് അരികില്‍ അമ്മയില്ല. ഞാന്‍ വല്ലാതെ പേടിച്ചു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നൂറിന്റെ നോട്ടുകള്‍ കുത്തിനിറച്ച് ഒരു പുഞ്ചിരിയോടെ ഉമ്മറത്തൊരു കസേരയിലിരുന്നുറങ്ങുണ്ടായിരുന്നു അയാള്‍. നാലുമുറികളുള്ള ഞങ്ങളുടെ വാടകവീടിന്റെ എല്ലാമുറികളിലും ഞാനമ്മയെ തിരഞ്ഞു. വടക്കേമുറിയുടെ വാതില്പഴുതിലൂടെ നോക്കിയപ്പോള്‍ കണ്ട കാഴ്ച ! അതെങ്ങനെയാണ് ഞാന്‍ പറയുക! ഒരു മകന് അത് പറയാനാകുമോ !
അന്നെനിക്ക് ഉറക്കം വന്നതേയില്ല. മൂടിപ്പുതച്ച് കണ്ണടച്ചുകിടന്നു.നിശ്ശബ്ദനായി തേങ്ങിക്കരഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ അരികിലെ ആള്പ്പെരുമാറ്റമറിഞ്ഞപ്പോള് മനസ്സിലായി, അമ്മ എത്തിയിരിക്കുന്നു. വിലകൂടിയ ഏതോ പെര്ഫൃൂമിന്റെ മണമായിരുന്നു അപ്പോള്‍ അമ്മക്ക്. അമ്മയെന്നെ അടുത്തുകിടന്നപ്പോള് അന്നാദ്യമായെനിക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. ശരീരത്തിലൂടെ തേളുകളിഴയുംപോലെ.
” എന്തിനാമ്മേ ഇങ്ങനെയൊക്കെ ? അമ്മ ഇനി വടക്കേമുറീല് പോണ്ട.”
എന്നു ഞാന്‍ പറഞ്ഞതും അമ്മ ഞെട്ടിയെഴുന്നേറ്റു.
” അമ്മ ചീത്തയാ മോനേ.. അമ്മ ചീത്തയാ ”
പിന്നെ വാവിട്ടുകരഞ്ഞു. ഞാനമ്മയുടെ കണ്ണുകള്‍ തുടച്ചു.
” പോട്ടേ..സാരല്ലമ്മേ.. ”
ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും അമ്മ കരച്ചില് നിറുത്തിയില്ല. അന്നുരാത്രി പുലരുംവരെ ഞങ്ങള്‍ ഉറങ്ങിയതേയില്ല.
പിറ്റേന്ന് രാത്രിയും അയാള്‍ ആരെയൊക്കെയോ കൂട്ടി വീട്ടില്‍ വന്നു.
ഇനി എന്തുവന്നാലും അമ്മയെ വിട്ടുകൊടുക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
”സീതേ”
അമ്മ മറുപടിയൊന്നും മിണ്ടാതിരുന്നു.
”സീതാലക്ഷ്മീ ”
പുറത്തുവന്നത് ഞാനായിരുന്നു.
” നീയോ ? നീ ഒറങ്ങീലേ ? ”
”ഇല്ല ”
” എവിടേടാ അമ്മ ? അവളെ വിളി ”
” എന്തിനാ ? വടക്കേമുറീല്ക്ക് ഇനി അമ്മ വരൂല ”
കുറച്ചുനേരം അവിശ്വസനീയതയോടെ എന്റെ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കി.
” എന്തുപറഞ്ഞെടാ നശൂലമേ ”
പിന്നെ എന്റെ മുഖത്തേക്ക് അയാളുടെ കൈകള്‍ ആഞ്ഞുപതിച്ചു. ഞാന്‍ തെറിച്ചുവീണു.
അയാള്‍ പിന്നെയും കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും മര്‍ദ്ദിച്ചു. അമ്മയുടെ നിലവിളികളൊന്നും വകവെച്ചില്ല.
ഒടുവില്‍
” എടീ.. ഞാനിപ്പ പോണ്. നാളെ വരും. അപ്പൊഴെങ്ങാനും ഈ പീറച്ചെക്കനെ ഇവടെകണ്ടാല്.. ”
കൊടുങ്കാറ്റുപോലെ അയാള്‍ പുറത്തേക്കുപോയി. ഒപ്പം കൂടെവന്നയാളും.
പിറ്റേന്ന് പുലര്‍ച്ചക്ക് തന്നെ അമ്മ എന്നെ ഉണര്‍ത്തി.
”ഉണ്ണീ.. മക്കള്‍ വേഗം പോയി കുളിച്ചൊരുങ്ങ് ”
” എങ്ങട്ടാ അമ്മേ നമ്മള് പോണത് ? ”
അമ്മ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കിനിന്നു.
” നമക്ക് പോണം മോനേ ”
വാതില്‍ താഴിട്ടുപൂട്ടി എന്റെ കയ്യും പിടിച്ച് അമ്മയിറങ്ങി. വാഗശ്ശേരിക്കാവിലെത്തി അമ്മയെ തൊഴുതു. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കൈകള്‍ കൊണ്ട് തുടച്ച് ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചു.
” കരേണ്ടമ്മേ. സാരല്യ. ഉണ്ണീല്ലേ കൂടെ ”
അമ്മയെന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
” ശാപം കിട്ടിയ ജന്മങ്ങളാമോനേ നമ്മള് ”
ഒരിക്കല്‍ അമ്മ പറഞ്ഞിട്ടുണ്ട്.
അമ്മയെപ്പറ്റി. ദുരന്തങ്ങളുടെ തോരാമഴയിലേക്ക് വലിച്ചെറിയപ്പെട്ട അനാഥജന്മത്തെക്കുറിച്ച്. . വേരുകളില്ലാതെ സ്വയം ആരെന്നുപോലുമറിയാത്ത ഉരുകിത്തീരുന്ന ജന്മം! ആ കഥയുടെ എല്ലാ അധ്യായങ്ങളും അന്നെനിക്ക് മനസ്സിലായില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാനറിയുന്നുണ്ട്. ചതിയുടേയും ഉടല്വേധത്തിന്റേയും നിലവിളികള്‍ !
അമ്മ എന്റെ കയ്യും പിടിച്ച് നടന്നുകൊണ്ടേയിരുന്നു.
റെയില്‍വേസ്റ്റേഷനില്‍ നല്ല തിരക്കുണ്ടായിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് അകത്തുകടന്നു.,
” ഉണ്ണീ.. നെനക്ക് വെശക്കണില്ലേ. ”
” ഊം..”
” അമ്മ ഉണ്ണിക്കിഷ്ടായ മധുരസേവ കൊണ്ടന്നട്ടുണ്ട് ട്ടോ ”
അമ്മ ബാഗുതുറന്ന് കൊച്ചുടിഫിന്ബോക്സ് കയ്യിലെടുത്തു.
അമ്മ തന്നെയാണതെനിക്ക് വാരിത്തന്നത്.
ഞാന്‍ ആര്‍ത്തിയോടെ തിന്നുന്നതും നോക്കിയിരുന്നു. ഞാന്‍ കഴിച്ചശേഷം ബാക്കിവന്നത് അമ്മയും കഴിച്ചു.
” നമ്മളെങ്ങട്ടാ പോണതമ്മേ ?”
” ദൂരേക്ക്.. ദൂരെദൂരേക്ക്.. ന്റെ മോനെ ഉപദ്രവിക്കാന്‍ ആരും വരാത്തോടത്ത്ക്ക് ”
എനിക്കത് വലിയ ഇഷ്ടമായി. അമ്മയും ഞാനും മാത്രമുള്ള ലോകം.
അപ്പോള്‍ വലിയശബ്ദത്തില്‍ ചൂളംവിളിച്ചുകൊണ്ട് ഒരു തീവണ്ടി ഒരു തേരട്ടയെപ്പോലെയെത്തി.
” നമുക്ക് പോവാം ”
അമ്മ എന്റെ കൈയില്‍ പിടിച്ചു മുന്നോട്ട് നടന്നു.
ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ജനക്കൂട്ടത്തിലേക്ക് ഞങ്ങള്‍ തിക്കിത്തിരക്കിക്കയറി. രണ്ടുമൂന്ന് സ്റ്റേഷനുകള്‍ കഴിഞ്ഞപ്പോള്‍ തിരക്ക് ഒന്നയഞ്ഞു. ഞങ്ങള്‍ക്കിരിക്കാന്‍ ഇടം ലഭിച്ചു.
” അമ്മ ഇപ്പ വരാം. മോനിവിടെ ഇരുന്നോ ട്ടോ”
” ശരിയമ്മേ ”
ജനലഴിയില്‍ തലചായ്ച് ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വീണു.
എന്നെ കത്തിച്ചാമ്പലാക്കാനായി ഉടലാകെ ചുറ്റിപ്പിടിക്കുന്ന കാട്ടുതീയെയാണ് പിന്നെ ഞാന്‍ കാണുന്നത്. ശരീരമാകെ വെന്തൊലിച്ചുപോകുമ്പോഴും ഞാനുച്ചത്തില്‍
നിലവിളിച്ചു. പക്ഷേ അവിടം വിജനമായതിനാല്‍ ആരും രക്ഷിക്കാനെത്തിയില്ല. അമ്മ പോലും.
കണ്ണുതുറക്കുമ്പോള്‍ ഞാനിവിടെയാണ്.
ഓരോരുത്തരും അവരവരുടെ ഉറ്റവരെ തിരയുകയാണിവിടെ. ഞാനും.
അമ്മയിപ്പോള്‍ എവിടെയാണ് ?
വന്നയന്നുമുതല്‍ അമ്മയെ തിരയുന്നതാണ്.
”അമ്മേ.. അമ്മേ” എന്നുവിളിച്ച് മുറിയിലങ്ങോട്ടുമിങ്ങോട്ടും കുറേ നടന്നു.
ഒരു ഫലവുമുണ്ടായില്ല.
ഞാനയാളോടും ചോദിച്ചു. ഞാനിവിടെ എത്തിയ സമയത്ത് നിസ്സംഗഭാവത്തോടെയാണയാള് എന്നെ സ്വീകരിച്ചത്. കണ്ടിട്ട് നല്ലയാളാണെന്ന് തോന്നി.
”സാറേ. എന്റമ്മയെ കണ്ടോ ?”
അയാള്‍ കേട്ടഭാവം നടിച്ചി്ല്ല. ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു. ഒരു മറുപടിയും ലഭിക്കാതായപ്പോള്‍ വല്ലാത്ത സങ്കടം വന്നു.
അപ്പോഴവിടേക്ക് മറ്റൊരാള്‍ കടന്നുവന്നു.
” എന്താടോ ഇന്നൂണ്ടോ? നാശം പിടിക്കാന്‍”
അയാളുടെ പരുപരുത്തശബ്ദം അവിടമാകെ മുഴങ്ങി.
ആ ചോദ്യത്തിന് കയറിവന്നയാള്‍ ഒരു മറുപടിയും പറഞ്ഞില്ല.
”ഇത്പ്പൊ എന്താസംഭവം ? ” അയാള്‍ വീണ്ടും ചോദിച്ചു.
” ആത്മഹത്യയാന്നാ തോന്നുന്നേ ”
” കെട്ടിത്തൂങ്ങീതോ അതോ ”
” തീവണ്ടിക്ക് ചാടിയതാ. വെഷോം കഴിച്ചിട്ടുണ്ടായിരുന്ന് ”
” ഊം. മിടുക്കി ” അയാള്‍ ചിരിച്ചു.
വളരെ പരിചിതമായൊരു ഗന്ധം കാറ്റിലൂടൊഴുകിയെത്തുന്നത് അപ്പോഴാണ് ഞാനറിഞ്ഞത്.
അതെ. അത് അമ്മയാണ്.
ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അമ്മ വരുന്നതും പ്രതീക്ഷിച്ചുനിന്നു. പുഞ്ചിരിതൂകുന്ന നിലാവിനെപ്പോലെ അമ്മ എന്റെ അടുത്തേക്കെത്തി.
” മോനേ ” അമ്മ വാത്സല്യത്തോടെ എന്നെ കെട്ടിപ്പുണര്‍ന്നു.
” ന്നെ ഒറ്റക്കാക്കീട്ട് അമ്മ എങ്ങടാ പോയത് ? ”
”ന്റെ മോന് പേടിച്ചോ ?”
”പിന്നല്ലാണ്ട് ”
” ന്തിനാ പേടിക്കണേ..വല്യേ ചെക്കന്മാര് പേടിക്ക്യേ !!”
അമ്മ എന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.
” അച്ഛന് ഇങ്ങടിക്ക് വര്വോ അമ്മേ ?”
തെല്ല് ഭീതിയോടെ ഞാന്‍ ചോദിച്ചു.
അമ്മ എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നു. ആ കണ്ണുകളില്‍ നിന്നും ഒരിറ്റ് കണ്ണുനീര് പൊട്ടിവീണു.
” അയാള്വരും മോനെ.. പക്ഷേ ഇങ്ങടിക്കല്ല. നമ്മുടെ സ്വര്ഗ്ഗത്തിലേക്കയാള് വരില്ല ”
” പിന്നെ ?”
” അയാള്‍ക്കുള്ള നരകം കത്തിക്കാളുന്നത് ഞാന്‍ കാണുന്നുണ്ട്. അയാള്‍ക്കുവേണ്ടി ഒരു സമ്മാനം വീട്ടില്‍ കരുതിവെച്ചിട്ടാ അമ്മ മോനേംകൂട്ടി പുറപ്പെട്ടത്”
” എന്ത് സമ്മാനം ?”
” ആ ഒരുകുപ്പി ബ്രാണ്ടി അയാളുടേയും കൂട്ടുകാരുടേയും എല്ലാ വിശപ്പുകളും കെടുത്താന്‍ പോന്നതാണ് ”
” ന്താ ? ന്താ അമ്മ പറഞ്ഞത് ?”
” ഇവിടെയെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയാല്‍ ആ മുഖത്തുനോക്കി എനിക്കൊന്നു പൊട്ടിച്ചിരിക്കണം ”
അമ്മ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
നിശ്ശബ്ദതയുടെ വേലിയിറക്കത്തില് അത് ശവമുറിയിലാകെ മുഴങ്ങി.
” നമുക്ക് പാര്‍ക്കില്‍ പോകണ്ടേ ?”
അമ്മയെന്നോട് ചോദിച്ചു.,
സത്യത്തില്‍ ഞാനാചോദ്യം പ്രതീക്ഷിച്ചുനില്ക്കുകയായിരുന്നു.
എന്റെ കയ്യില്‍ കൈകോര്‍ത്ത് അമ്മ നടന്നു.
” എന്തു തണുപ്പാണമ്മക്ക് ? ”
അമ്മ പുഞ്ചിരിച്ചു
മരണം ഒരു ഗ്രീഷ്മോത്സവമാണ്. മരിച്ചവര്‍ മഞ്ഞുമേഘങ്ങളും.