കാണാതായ ഷൂ

കാണാതായ ഷൂ

സാബു ഹരിഹരൻ

എന്റെ ഒരു ഷൂ നഷ്ടപ്പെട്ടിരിക്കുന്നു. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണത് കാണാതെ പോയത്. അതായത് എനിക്ക് ഈ നശിച്ച പനി ബാധിക്കുന്നതിനും മുൻപ്. എവിടെ വെച്ച്, എങ്ങനെ നഷ്ടപ്പെട്ടെന്നോർത്തെടുക്കാനാവുന്നില്ല. നെറ്റിയിൽ തൊടുമ്പോൾ കൈ പൊള്ളുന്നു. എന്റെ ചിന്തകളെ പോലും ചുട്ടുപൊള്ളിക്കുന്ന ചൂട്. കടലാസ് കീറി നെറ്റിയിലിട്ടാൽ കത്തിപിടിക്കും. അത്രയ്ക്കും ചൂട്. എന്നിട്ടും ഞാനീ കുടുസ്‌ മുറിയിലിരുന്ന്, ആ ഷൂ എവിടെ വെച്ചാവും നഷ്ടപ്പെട്ടിരിക്കുക എന്നോർത്തു കൊണ്ടിരിക്കുന്നു. ഒരു പക്ഷെ വഴിയിലത് കിടക്കുന്നത് കണ്ട് ആക്രിസാധനങ്ങൾ പെറുക്കാൻ വരുന്നവർ എടുത്തു കൊണ്ട് പോയിരിക്കാം. അല്ലെങ്കിൽ ആരെങ്കിലുമതു നഗരമാലിന്യങ്ങൾ പുറംതള്ളുന്ന കനാലിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാവാം.

അവനു ഇരുണ്ട നിറമായിരുന്നു. പൊടിമണ്ണ്‌ പറ്റിപ്പിടിച്ചിരുന്നത് കൊണ്ട് അവന്റെ യഥാർത്ഥ നിറം ആരുമറിയാതെ പോയി. അവസാനമായി അവനെന്നോടൊപ്പമുണ്ടായിരുന്നതെന്നാണെന്ന് ഞാൻ പൊള്ളുന്ന ചിന്തകൾക്കിടയിൽ തിരഞ്ഞു. വെള്ളിയാഴ്ച്ചയെ കുറിച്ചോർത്തു. വെള്ളിയാഴ്ചകൾ വിശുദ്ധദിവസങ്ങളാണെനിക്ക്. ആ ഒരു ദിവസം ഞാൻ മദ്യാസക്തിയുടെ കെട്ടഴിച്ചു വിടും. വലിച്ചു പൊട്ടിക്കുന്നതിലും ഭേദമല്ലെ അഴിച്ചു വിടുന്നത്?.  ആറു ദിവസം ബ്രഹ്മചര്യം സൂക്ഷിച്ചിട്ട് ഏഴാംപക്കം ദാഹം തീർക്കാൻ വേശ്യയെ പ്രാപിക്കുന്നത് പോലെയാണത്. എന്റെ ഉപമകൾ എപ്പോഴും നന്നാവണമെന്നില്ല. ഇതും അതു പോലെ ആയിരിക്കാൻ സാദ്ധ്യതയുണ്ട്!. 

ഞാനെപ്പോഴും സംസാരിക്കുന്നത് എന്നോട് തന്നെയായിരുന്നു. മറ്റുള്ളവരുമായി എനിക്കെന്തു കൊണ്ട് സൗഹൃദം സ്ഥാപിക്കാൻ കഴിയാതെ പോകുന്നു?. അതൊരു പ്രഹേളികയാണ്‌. എന്നോട് തന്നെ ഞാൻ പലവട്ടം ചോദിച്ചിട്ടുള്ള ചോദ്യം. അതിനു ഞാൻ എനിക്ക് തന്നെ ഉത്തരം കൊടുത്തിരുന്നുമില്ല. ഫാക്ടറിയിലെ കിഷോരിലാലിനും, ബൽദേവിനും എന്നോട് പുച്ഛവും, അമർഷവും ഉണ്ടെന്ന് നന്നായറിയാം. എനിക്ക് എന്നെ തന്നെ തിരുത്താൻ കഴിയാത്തതു കൊണ്ട്, അവരെ തിരുത്താൻ ശ്രമിക്കുന്നത് ഒരു പാഴ്വേലയാണെന്ന് നിശ്ചയമുണ്ടായിരുന്നു. അല്ലെങ്കിലും ഒരാളെ തിരുത്തുക എന്നത് ഒരു പാട് മാനസികസംഘർഷം നിറഞ്ഞ പ്രക്രിയ തന്നെ.

മദ്യത്തിലേക്കെന്നെ ആകർഷിച്ചിരുന്നത് ബോധമണ്ഡലത്തിലെ ചരടുകൾ പൊട്ടിയടർന്നു പോകുന്നതിലെ സുഖമനുഭവിക്കലായിരുന്നെങ്കിൽ, മദ്യം വിളമ്പുന്നിടത്തേക്ക് എന്നെ ആകർഷിച്ചിരുന്നത് വെളുത്ത, മെലിഞ്ഞ ഉടലുള്ള, ചെമ്പൻ മുടിയിൽ തിളങ്ങുന്ന പിന്നുകൾ കുത്തിയിരുന്ന ഒരു പെൺകുട്ടിയായിരുന്നു. അവൾ – ചാന്ദ്നി, ശരിക്കും ചന്ദ്രശോഭയുള്ള പെൺകുട്ടി തന്നെ. അവളെ കുറിച്ചുള്ള ദിവാസ്വപ്നങ്ങളിൽ ഞാൻ ആരേയും കൂസാത്ത ധീരനായിരുന്നു. ലഹരിയുടെ ചരടുകൾ എന്നെ മുറുക്കുമ്പോൾ, ഉച്ചത്തിലുള്ള സംഗീതത്തിനൊത്ത് താളത്തിൽ അവൾ ഉടലിളക്കിക്കൊണ്ടിരിക്കും. അപ്പോൾ ചിതറി പോകുന്ന കാഴ്ച്ചകളെ ആയാസത്തോടെ ചേർത്തു വെയ്ക്കുന്ന തിരക്കിൽ ഞാൻ വ്യാപൃതനാകും. ആ കാഴ്ച്ച ഒരു ലഹരിയായി എന്റെയുള്ളിൽ നിറയും. ഞാൻ തന്നെ ലഹരിയായി മാറുന്ന അവസ്ഥ!. ഒരു സാഹിത്യകാരനായിരുന്നെങ്കിൽ ആ അനുഭവം വർണ്ണിക്കാൻ എനിക്ക് ഉചിതമായ വാക്കുകൾക്കായി ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു!. ശബ്ദങ്ങൾ തളർന്നു വീണു കഴിഞ്ഞാൽ, മദ്യശാലയിൽ നിന്നും ഉറയ്ക്കാത്ത കാലുകളുമായി ഞാൻ പുറത്തേക്കു തെറിച്ച് തെറിച്ച് പോകും. നിയോൺ ബൾബുകൾക്ക് വെള്ളിയാഴ്ച്ചകളിൽ പതിവിലുമധികം തിളക്കമുണ്ടാകും. എന്റെയരികിൽ കൂടി പോകുന്ന വാഹനങ്ങൾ നിർത്താതെ ഹോൺ മുഴക്കുന്നത് അവ്യക്തമായി കേൾക്കും. കാലുകൾ എന്റെ ശരീരത്തിന്റെ മേൽഭാഗത്തെ സുരക്ഷിതമായി മുറിയിലെത്തിക്കും. എന്റെ സ്വപ്നങ്ങളെ പോലെ മുഷിഞ്ഞ മുറി. അവിടെ ഞാൻ മുഷിഞ്ഞ ഒരു വസ്തുവിനെ പോലെ നിശ്ചലം കിടന്നുറങ്ങും. പലവട്ടം അവളോട് എന്റെ പരിശുദ്ധ പ്രണയം വെളിപ്പെടുത്തണമെന്നു തോന്നിയിട്ടുണ്ട്. ഞാനെന്നോട് സംസാരിക്കുന്നത് പോലെയല്ലയത്. അവളോട്‌ സംസാരിക്കാൻ ഞാനെന്നും പരാജയപ്പെട്ടു. അവളെ കുറിച്ച് എത്ര കഥകൾ കേട്ടിരിക്കുന്നു. എല്ലാം നുണക്കഥകൾ തന്നെ.

പണം കൊടുത്താൽ അവൾ ആരുടെ കൂടെ വേണേലും അന്തിയുറങ്ങാൻ തയ്യറാണത്രെ!. നുണ! അല്ലാതെന്ത്?. അവൾ പവിത്രമാണ്‌. പരിശുദ്ധയാണ്‌. സ്വപ്നങ്ങളിൽ പോലും അവളെ മോശമായി കാണാൻ ഞാനാഗ്രഹിച്ചില്ല. പക്ഷെ മിക്ക ദിവസങ്ങളിലും അവൾ വരും. അവളുടെ മാറിടം കണ്ണാടിത്തുണ്ടുകൾ തുന്നിപ്പിടിപ്പിച്ച ഒരു ജാക്കറ്റ് കൊണ്ടാണ്‌ ഇറുക്കെ പൊതിഞ്ഞു വെച്ചിരിക്കുക. പിന്നിൽ നീണ്ട ചുവന്ന വള്ളികൾ കൊണ്ടാണ്‌ കെട്ടി മുറുക്കിയിരിക്കുക. അവളെന്റെ സമീപത്തേക്ക് വരുന്നത് ഞാനൊരിക്കലും കാണാറില്ലായിരുന്നു. തൊട്ടരികിൽ എത്തുമ്പോഴാണ്‌ ഞാൻ കാണുക. മലർന്ന ചുണ്ടുകളിൽ അമർത്തി ചുംബിക്കാനുള്ള അവേശവുമായി ഞാൻ അവളെ ചേർത്തു നിർത്തും. പച്ച നിറമുള്ള ബൾബുകൾ എന്റെ തലയ്ക്ക് മുകളിൽ തൂങ്ങി കിടപ്പുണ്ടാവും ആ സമയമത്രയും. മുറി മുഴുവനും പച്ച നിറം..അവളുടെ മുഖവും, ചായം പൂശിയ ചുണ്ടുകളും, വർണ്ണങ്ങൾ നിറഞ്ഞ ജാക്കറ്റും എല്ലാത്തിനും പച്ച നിറം. അവിടെ വെച്ചാണ്‌ ഇരുട്ട് നിറയുക. സ്വയം സ്വപ്നത്തിൽ നിന്നും ഞാൻ എന്നെ തന്നെ പിൻവലിക്കുന്നതാണ്‌. തിരിച്ച് എന്റെ മുഷിഞ്ഞ കിടക്ക വിരിയിലേക്കാണ്‌ ഞാൻ എന്നെ വലിച്ചിടുക…അവിടെ ഇരുട്ടിലേക്ക് തുറിച്ച് നോക്കി കൊണ്ട് ഞാൻ കിടക്കും. കാഴ്ച്ച നഷ്ടപ്പെട്ടാൽ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കറുപ്പ് നിറഞ്ഞ മുറിയിൽ..

ആ വെള്ളിയാഴ്ച്ചയും, ദിവസം അവസാനിക്കാൻ കൊതിയോടെ ഞാൻ കാത്തിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ആ രാത്രി ചാന്ദ്നിയെ കാണാൻ കഴിഞ്ഞില്ലായിരുന്നു എനിക്ക്. എന്റെ ഒരാഴ്ച്ചത്തെ കാത്തിരിപ്പ് വൃഥാവിലായിരിക്കുന്നു. അതു കൊണ്ട് നിരാശയെ കീഴടക്കാൻ, ഞാൻ എന്നെ തന്നെ വെല്ലുവിളിച്ചു. പതിവിലുമധികം മദ്യക്കുപ്പികളെ ഞാൻ കീഴ്പ്പെടുത്തി. ചാന്ദ്നി എവിടെയായിരിക്കും?. കേട്ട കഥകൾ നുണകൾ തന്നെ..ഒരു പക്ഷെ അവൾ ആടിത്തളർന്ന് എവിടെയോ കുഴഞ്ഞു കിടപ്പുണ്ടാവും. ഇനി നാട്ടിലാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ജ്വരം അവളുടെ മെലിഞ്ഞ ശരീരത്തിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയിട്ടുണ്ടാവുമോ?..ചോദ്യങ്ങളിൽ നിന്നും ചോദ്യങ്ങളിലേക്കുള്ള യാത്രകൾ ഞാനെന്നും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ആ ദിവസം ഞാൻ ചോദ്യങ്ങളെ വെറുത്തു. ചോദ്യങ്ങളില്ലാതെ, ഉത്തരങ്ങളില്ലാതെ എനിക്ക് ഒറ്റയ്ക്ക് നടക്കണം.. ഇരുണ്ട, വെളിച്ചം കുറഞ്ഞ തെരുവുകളിലൂടെ ഞാൻ നടന്നു. ശൈത്യം നഗരത്തിനെ മുഴുവനും മഞ്ഞു നിറമുള്ള കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞിരിക്കുന്നു. എന്റെ കാലുകളിൽ ഞാൻ വിശ്വസിച്ചു. പക്ഷെ എന്റെ ഉള്ളിൽ ഇളകി മറിഞ്ഞ ലഹരിക്ക് എന്നെ തോൽപ്പിക്കാൻ, എന്റെ കാലുകളെ തോൽപ്പിക്കാൻ ഗൂഢ ഉദ്ദേശ്യമുള്ളത് ഞാനറിയാതെ പോയി. പുറത്തേക്ക് അതിവേഗത്തിൽ തികട്ടി വന്നതു മുഴുവനും ഞാൻ കുപ്പകൾ നിറച്ച ഒരു വീപ്പയുടെ സമീപത്തേക്ക് ഒഴുക്കി കളഞ്ഞു. തളർന്നു ഞാനവിടെ ഇരുന്നു പോയി. എന്റെ കാലുകളുടെ തോൽവി.. കണ്ണുകൾ തുറന്നു വെയ്ക്കാൻ കഴിവതും ശ്രമിച്ചതാണ്‌. തോൽവി തന്നെയായിരുന്നു ഫലം.

പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ ഞാൻ കിടക്കുന്നത് എന്റെ മുഷിഞ്ഞ മുറിയിലല്ലെന്ന് മനസ്സിലായി. കാലുകൾ അപ്പോഴേക്കും ശക്തി വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ഞാൻ ഇരുവശത്തേക്കും നോക്കി. എന്നാൽ ഭാരം നിറച്ച ഒരു വസ്തുവിനെ പോലെ എന്റെ ശിരസ്സ് ഇരുവശത്തേക്കും ആടുകയാണുണ്ടായത്. നൂൽപ്പാവകളുടേതു പോലെ ഇളകിയാടുന്ന കഴുത്തു പോലെ ആയിരിക്കുന്നു എന്റെ കഴുത്തും. എഴുന്നേൽക്കാനുള്ള ശ്രമത്തിലാണ്‌ ഞാൻ ആ കറുത്ത രൂപത്തെ കണ്ടത്. ഉടലും തലയും കമ്പിളി കൊണ്ട് മൂടിയ ഒരു രൂപം. മെലിഞ്ഞ കാലുകൾ മാത്രമാണ്‌ അല്പ്പമെങ്കിലും പുറത്തേക്ക് കാണാൻ കഴിഞ്ഞിരുന്നത്. ഈ തണുപ്പത്ത്, ഈ രാത്രിയുടെ മധ്യവേളയിൽ പതുങ്ങി പോകുന്ന ആ രൂപം ഒരേ സമയം എന്നിൽ സംശയവും ഭയവും നിറച്ചു. കടത്തിണയിൽ കിടന്നിരുന്ന നാടോടികളായ യാചകസംഘത്തിനരികിലൂടെയായിരുന്നു ആ രൂപം സാവധാനം നടന്നിരുന്നത്. യാചകരിൽ നിന്നും പണം അപഹരിക്കുന്ന ഒരാളോ?! അയാളെ എന്തു വിളിക്കും? എന്തു വിളിക്കണം?. ഞാൻ വീപ്പയുടേയും ചുവരിന്റേയും ഇടയിലുണ്ടായിരുന്ന വിടവിലൂടെ കണ്ണടയ്ക്കാതെ അയാളെ തന്നെ നോക്കിയിരുന്നു. ഒരു നിമിഷം – അയാൾ നടപ്പു നിർത്തിയിട്ട് വഴിയുടെ ഇരു വശത്തേക്കും നോക്കി. പിന്നീടയാൾ സാവധാനം കുനിഞ്ഞ്, പൊതിഞ്ഞു വെച്ച ഒരു വസ്തു എടുക്കുന്നത് അവ്യക്തമായി കണ്ടു. ആ യാചകിയുടെ സമ്പാദ്യമാവണം അത്. അയാളത് കമ്പിളി കൊണ്ട് പുതച്ച് പതുക്കെ മുന്നോട്ട് നടന്നു. എന്റെ കാലുകളിലേക്ക് വൈദ്യുതി പാഞ്ഞു ചെല്ലുന്നത് ഞാനറിഞ്ഞു. ഇത്രയും അൽപനായ, ദുഷ്ടനായ ഒരാളെ ഞാനതിനു മുൻപ് കണ്ടിട്ടില്ലായിരുന്നു. ശബ്ദമുണ്ടാക്കാതെ അയാളെ ഞാൻ പിന്തുടർന്നു. അയാൾ അടുത്ത ഇടുങ്ങിയ തെരുവിലേക്ക് നടന്നു. പിന്നാലെ ഞാനും. അയാൾ ആ പൊതിക്കെട്ട് തുറക്കും. അതിലുള്ള വസ്തുക്കൾ പുറത്തെടുക്കും. എന്താണയാളെ ഞാൻ ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു.

വെളിച്ചം കുറഞ്ഞ ഭാഗത്തെത്തിയപ്പോൾ അയാൾ നിലത്ത് മുട്ടുകുത്തിയിരുന്നു. ആ പൊതിക്കെട്ട് തുറക്കുന്നത് ഞാൻ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്നു. ഞാൻ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അതിനുള്ളിൽ. അത് മാസങ്ങൾ മാത്രം പ്രായമുള്ള ഒരു മനുഷ്യക്കുഞ്ഞായിരുന്നു. കണ്ണും പൂട്ടി ഉറങ്ങുന്ന കറുപ്പു നിറമുള്ള ഒരു കുഞ്ഞ്. ആർക്കോ ഇയാൾ ഒരു കുഞ്ഞിനെ കൈമാറാൻ വാക്കു കൊടുത്തിട്ടുണ്ടാവണം. അതിന്റെ കൂലിയും വില പേശി ഉറപ്പിച്ചിട്ടുണ്ടാവും. ഇയാൾ ഞാൻ കരുതിയതിലും കൊടിയ ദുഷ്ടനാണ്‌. ഇയാൾ കള്ളനല്ല. ഇയാൾ പാപത്തിന്റെ ആൾരൂപമാണ്‌. എന്നാൽ എന്റെ ചിന്തകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട്, എന്റെ ചോദനയെ മരവിപ്പിച്ചു കൊണ്ട് അയാൾ മറ്റൊരു പ്രവൃത്തി ചെയ്യാൻ തുടങ്ങുന്നത് കണ്ടു. അയാൾ കമ്പിളി പുതപ്പ് വകഞ്ഞു മാറ്റുകയും, പൈജാമ ഉരിയുകയും ചെയ്തു. അടിവസ്ത്രമൊന്നും ധരിക്കാത്ത അയാൾ ആ കുഞ്ഞിന്റെ ശരീരത്തിലേക്ക് അരഭാഗം താഴ്ത്തുമ്പോഴേക്കും കുടിച്ച ലഹരിയുടെ അവസാന കണികയും എന്റെ ഞരമ്പുകളിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അലറി കൊണ്ട് പാഞ്ഞടുത്ത് അയാളുടെ ശിരസ്സ് ലക്ഷ്യമാക്കി ഞാനാഞ്ഞു തൊഴിച്ചു. അർദ്ധനഗ്നനായ അയാൾ മലർന്നു ഒരു വശത്തേക്ക് വീണു. അടുത്ത നിമിഷം ഞാൻ ഞാനല്ലാതെയായി.  എന്റെ ശരീരം നീല വർണ്ണമായോ?. ഇരുട്ടിൽ കൊടിയ വിഷവുമായി അവൻ മുന്നിൽ – കാളിയൻ. ഫണം വിടർത്തി നില്ക്കുന്ന കാളിയൻ. എന്റെ ഉടൽ മുഴുവനും വിറയ്ക്കാനാരംഭിച്ചു. ഞാൻ താണ്ഢവമാരംഭിച്ചു. നിർത്താതെ..ഇടതടവില്ലാതെ എന്റെ കാലുകൾ ഉയർന്നു താഴ്ന്നു. പത്തി താഴ്ന്നു മടങ്ങി.. വിഷം നാലു പാടും ചിതറി തെറിച്ചു കൊണ്ടിരുന്നു..താണ്ഢവത്തിന്റെ അവസാനം കാളിയൻ നിശ്ചലമായി..സർവ്വം നിശ്ചലം..നിശ്ശബ്ദം..ഞാൻ കിതയ്ക്കാനാരംഭിച്ചു. നീലവർണ്ണം അപ്രത്യക്ഷമായോ?..എന്റെ കേൾവി തിരിച്ചു വന്ന നിമിഷം, കാഴ്ച്ച തിരിച്ചു കിട്ടിയ നിമിഷം – ആ കുഞ്ഞ് ഉച്ചത്തിൽ കരയുന്നതറിഞ്ഞു. ഓടിയടുക്കുന്ന കാലടികളുടെ ശബ്ദം..ഞാൻ ദിക്കറിയാതെ, ദിശയറിയാതെ ഇരുട്ടിലേക്കോടി..

ചാന്ദ്നിയുടെ ജ്വരം – അതാണെന്നെ ബാധിച്ചിരിക്കുന്നത്. സ്വപ്നത്തിലൂടെ പകർന്നിട്ടുണ്ടാവും. അവളുടെ മലർന്ന ചുണ്ടുകളെ പച്ച നിറം നിറഞ്ഞ മുറിയിൽ വെച്ചു ഞാനമർത്തി ചുംബിച്ചിട്ടുണ്ടാവണം. ഞാൻ കിടന്നു വിറച്ചു. ജ്വരം മൂർച്ഛിച്ച് ഒരു പക്ഷെ ഞാൻ സ്വയം കത്തിപ്പിടിക്കുമോ എന്നു കൂടി എനിക്ക് ഭയമുണ്ട്. എനിക്കു കാവൽ എന്റെ ചിന്തകൾ മാത്രം. അവ പതിവു പോലെ ചോദ്യങ്ങൾ ചോദിച്ചു എന്നെ സദാ ഉണർത്തി കൊണ്ടിരുന്നു. ഇപ്പോൾ ചോദ്യങ്ങൾക്ക് മുഴുവൻ സംശയത്തിന്റെ നിറമാണ്‌..ശരിക്കും അങ്ങനെ സംഭവിച്ചുവോ?. സംശയങ്ങൾ അധീകരിക്കുന്നത് സംശയങ്ങളെ സംശയിക്കുമ്പോഴാണ്‌!. തലച്ചോറിലെ ദുർബ്ബലമായ ചില ഞരമ്പുകൾ പൊട്ടിപോകും, ചില വാർത്തകൾ കേൾക്കുമ്പോൾ. അത്തരമൊരു വാർത്തയാവും എനിക്ക് ബുദ്ധിഭ്രമം സമ്മാനിച്ചത്. വിഭ്രാന്തിയുടെ വഴുവഴുപ്പു നിറഞ്ഞ വഴികളിലൂടെ തെന്നി നീങ്ങുകയാണോ ഞാൻ?. ഒരു പക്ഷെ ഞാൻ ആ ഇരുണ്ട ഇടവഴിയിലൂടെ സഞ്ചരിച്ചിട്ടില്ലായിരിക്കും. രാത്രിയുടെ നിറമുള്ള കമ്പളം പുതച്ചവനെ കണ്ടിട്ടില്ലായിരിക്കാം. അവന്റെ ചുണ്ടിലെ ചോര എന്റെ ഷൂവിന്റെ അടിഭാഗത്ത് പറ്റിപ്പിടിച്ചിട്ടില്ലായിരിക്കാം. പക്ഷെ കരുതി ഇരുന്നേ മതിയാവൂ. കുറഞ്ഞത് മൂന്നാഴ്ച്ചയെങ്കിലും. പോലീസ് രഹസ്യമായി അന്വേഷിക്കുന്നുണ്ടാവും. രാത്രികളിൽ ഞാൻ സഞ്ചരിച്ച വഴികളിലൂടെ ശബ്ദമില്ലാത്ത വാഹനങ്ങളിൽ അവർ റോന്ത് ചുറ്റുന്നുണ്ടാവും. അവരുടെ കണ്ണിൽ പെടരുത്.

എന്നാലിപ്പോൾ ഏറ്റവും ഭയപ്പെടുത്തുന്നത് മുറിയിൽ ഒറ്റയ്ക്കിരിക്കുന്ന ഒരു ഷൂവാണ്‌. ആ കാഴ്ച്ച എന്നെ നിരന്തരം ഭയപ്പെടുത്തുന്നു. പൊടിമണ്ണു പിടിച്ച ആ ഷൂ – അവൻ അനാഥനായിരിക്കുന്നു. ഒഴിഞ്ഞ കോണിൽ, ദുർഗ്ഗന്ധം നിറഞ്ഞ വായും തുറന്ന് കൂടപ്പിറപ്പിന്റെ വരവും കാത്ത് അവനിരിക്കുന്നു. അവനറിയാം സത്യം. അവനാണ്‌ സത്യം. അവൻ മാത്രം. അവൻ മാത്രമാണ്‌ സാക്ഷിയും. ഏതൊരു സാക്ഷിയേയും പോലെ അവനും നിശ്ശബ്ദ്ധനാണ്‌.