തുളസി കേരളശ്ശേരി
ബസ് പാലക്കാടു നിന്ന് പുറപ്പെടുമ്പോൾ രാത്രി എട്ടരയായിരുന്നു.
തൊട്ടടുത്ത സീറ്റിൽ ആരും എത്തിയില്ലല്ലോ എന്ന് ചിന്തിച്ചിരിക്കവെയാണ് കറുത്ത ബനിയനും നീലജീൻസുമിട്ടൊരു മനോഹരി ഓടിക്കിതച്ചു വന്നത്..
ലഗ്ഗേജുകൾ ഒതുക്കിവച്ച്, ഒരു ടാബും മൊബൈലും ഇയർഫോണും മാത്രമെടുത്ത് മടിയിൽ വച്ച് , ദീർഘനിശ്വാസത്തോടെ അവൾ ഇരുന്നു.
ടാബ് ഓൺചെയ്ത് ആർക്കോ മെയിൽ ചെയ്യുന്നതിനിടെ മൊബൈൽ പോക്കറ്റിലിട്ട് ഇയർഫോൺ ചെവിയിൽ തിരുകി അവൾ സംസാരിച്ചു തുടങ്ങി.
”പ്ളീസ് പപ്പ… എെ കാൺട് ലീവ് മൈ ജോബ്….”
കണ്ണുകളും കൈകളും ഇത്ര ദ്രുതഗതിയിൽ ജോലിചെയ്യുന്നതിനിടെ , മറ്റൊരാൾക്ക് ചെവികൊടുക്കാൻ കഴിയുക എന്നത് എനിക്കു ചിന്തിക്കാൻ പോലും ആവാത്ത കാര്യമായിരുന്നു.
ബാഗിൽനിന്ന് ഞാൻ എൻറെ പഴയഫോൺ ഒന്നെടുത്തുനോക്കി,
തിരിച്ച് ബാഗിൽ തന്നെ വച്ചു.
എന്നേപ്പോലെത്തന്നെ അറുപഴഞ്ചൻ..!
ബസ് പുറപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞിട്ടും ആ ചെറുപ്പക്കാരി എന്നോടൊന്നു മിണ്ടുകയോ എൻറെ നേർക്കു നോക്കുകയോ ചെയ്തിരുന്നില്ല.
”മോളേ..”
ഞാൻ അവളെ പതുക്കെ തൊട്ടുവിളിച്ചു.
തീരെ താൽപ്പര്യമില്ലാത്ത ഒരു നോട്ടമെറിഞ്ഞ് അവൾ തൻറെ ജോലി തുടർന്നു.
”എന്താ പേര്?”
”സുഷമ”
ഹാവൂ പേരെങ്കിലും പറഞ്ഞല്ലോ…!ഞാൻ ആശ്വസിച്ചു.
എ.സി ബസ് ആയിരുന്നതോണ്ട് പുറത്തെ രാക്കാഴ്ച്ചകൾ എനിക്കന്യമായിരുന്നു.
ഉറക്കം വരാത്തതുകൊണ്ടുമാത്രം ഞാനവളെ വെറുതേ നോക്കിയിരുന്നു.
എപ്പോഴാണ് ഉറങ്ങിയതെന്നോർമ്മയില്ല.
ഉണരുമ്പോൾ ചെന്നൈ എത്താറായിരുന്നു.
എൻറെ ബോറടി മാറ്റാനായി മാത്രം ഞാൻ അടുത്ത ചോദ്യമെറിഞ്ഞു.
”ചെന്നൈയിൽ എവിടേയാ?”
”ദൂരേയാ,മഹാബലിപുരത്തിനടുത്ത്, ശാന്തിനികേതനം എന്ന ആശ്രമം”
”അയ്യോ…. ഞാനും അങ്ങോട്ടാ, നമുക്കൊന്നിച്ചുപോകാം…”
അവൾ ,അത്ഭുതവസ്തുവിനെ എന്നപോലെ എന്നെ നോക്കി. പിന്നെ അലസമായൊന്നു മൂളി.
അവൾക്കെന്നെ അത്രയ്ക്കങ്ങട് ബോധിച്ചിട്ടില്ലെന്നു തോന്നി. അല്ലേലും
കോട്ടൺ സാരിയിൽ പൊതിഞ്ഞെടുത്ത ഭരണിപോലത്തെ എൻറെ ശരീരവും പഴഞ്ചൻ ഫോണും അത്രയെളുപ്പം ആർക്കും ഇഷ്ടപ്പെടാൻ വഴിയില്ല.
ടാക്സിയിൽ മംഗലാപുരത്തേക്കു നീങ്ങിയപ്പോഴും അവളുടെ ചെവിയിൽ ഇയർഫോൺ പണിത്തിരക്കിലായിരുന്നു.
ഇടയ്ക്ക് കുട്ടികളോടൊ മറ്റൊ ആണെന്നു തോന്നുന്നു
”വികൃതിയരുത്,നല്ല കുട്ടികളായിരിക്കണം എന്ന് ഉപദേശിക്കുന്നതു കേട്ടു.
”മോൾക്കെത്ര കുട്ട്യോളാ?”
”രണ്ട്”
”എത്രയായി?”
” പ്ളേ സ്കൂൾ,കിൻറർഗാർട്ടൺ ”
”ഹസ്ബൻറ്?”
”, ഹസ്ബൻറല്ല.. വി ആർ ലിവിങ്ങ് ടുഗെതർ”
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
അപ്പറഞ്ഞത്
എനിക്കു തീരെ ഇഷ്ടായിരുന്നില്ല.
തലമുറകളുടെ വിടവെന്നൊക്കെ പറയണത് ഇതാവും..!
ഇത്രയൊക്കെ ഞാനങ്ങോട്ടു ചോദിച്ചിട്ടും എന്നെക്കുറിച്ചെന്തെങ്കിലും അവൾ ചോദിക്കുകയുണ്ടായില്ലല്ലോ എന്നോർത്തപ്പോൾ എന്തോ ഒരു ജാള്യത…!
ടാക്സി ശാന്തിനികേതനിൽ എത്തിയപ്പോൾ അവൾ ടാബടച്ചുവച്ച് എഴുന്നേറ്റു. ഇയർഫോൺ അപ്പൊഴും ചെവിയിൽ ത്തന്നെ…!
ഇപ്പൊ അവളെക്കണ്ടാൽ,ച്ചിരി പിരി ലൂസുള്ള വടക്കേപ്പാട്ടെ സീതയെപ്പോലുണ്ട്…!
ശാന്തിനികേതൻറെ വലിയഗേറ്റും കടന്ന്, ഹാളിലെത്തിയപ്പോഴേക്ക് പരിചാരകർ ചിലർ ഓടിവന്ന് എൻറെ ലഗ്ഗേജ് വാങ്ങി സുഖവിവരങ്ങൾ
തിരക്കുന്നത് കണ്ട് അവൾ അത്ഭുതം കൂറുന്നത് ഒളികണ്ണാലേ ഞാൻ കണ്ടു.
” ഇരിക്കൂ ട്ടൊ ഞാനൊന്നു ഫ്രഷ് ആയിട്ടുവരാം’
എന്ന എൻറെ വാചകം കേട്ടാവണംഅവൾ ഒന്നൂടെ ഞെട്ടി.
വസ്ത്രംമാറി തിരിച്ചെത്തുമ്പോൾ സുഷമ ഹാളിൽ വെറുതേ നടക്കുകയായിരുന്നു.
ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നില്ല.
റിസപ്ഷനിലേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു
‘
”സുഷമയ്ക്ക് ആരേയാ കാണേണ്ടത്?”
”നിങ്ങൾ റിസപ്ഷനിസ്റ്റാണോ?”
”റിസപ്ഷനിസ്റ്റുമാണ്.”
”എനിക്കിതിൻറെ ഓണറെയാണു കാണേണ്ടത്.”
”പറഞ്ഞോളൂ, കേൾക്കുന്നുണ്ട്.”
”ങേ! അതെങ്ങനെ?
അവരെ വിളിക്കൂ.”
”ഞാൻ തന്നെയാ കുട്ടീ ഓണർ…”
ഇത്തണ അവൾ ശരിക്കു വാ പൊളിച്ചു.
വരണ്ടുപോയ ചുണ്ടുകൾ നാവുകൊണ്ടൊന്ന് തൊട്ടു നനച്ചുകൊണ്ട് അവൾ പറഞ്ഞു..
”സോറി.
എനിക്ക് ഹരിഗോവിന്ദൻ നായരേയും ഗോമതിയമ്മയേയും കാണണം”
”അവരുടെ ആരാ…?”
”മകൾ”
ഇത്തവണ സ്തബ്ദയായത് ഞാനാണ്.
അവളോട് ഒരുതരം വെറുപ്പുകലർന്ന അകൽച്ച അകത്തുമുളച്ചു.
മറവിരോഗത്തിൻറെ പിടിയിലമർന്ന ഗോമതിയമ്മയേയും അവരെ ശ്രു്ശ്രൂഷിക്കാൻ വേണ്ടിമാത്രം എല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്ന ഭർത്താവ് ഹരിഗോവിന്ദനേയും അറിയാത്തവർ ശാന്തിനികേതനിൽ ഇല്ല.
റിട്ടയേർഡ് എൻജിനീയറായ ഹരിസാറും ടീച്ചറായിരുന്ന ഗോമതിയമ്മയും
അന്തേവാസികൾക്ക് പ്രിയപ്പെട്ടവരായത് അവരുടെ കദനകഥ,കേട്ടതുകൊണ്ടുതന്നാണ്.
”വരൂ ഞാനവരുടെ വില്ലയിലേക്കു കൊണ്ടാക്കാം”
ഞാൻ മുന്നിൽ നടന്നു. പുറകേ നടക്കുന്ന സുഷമയോടായി ഞാൻ പറഞ്ഞു.
”വാസ്തവത്തിൽ… മോളുടെ അച്ഛനും അമ്മയും
അവർചെയ്ത തെറ്റിൻറെ ഫലമായാണ് ഈ ശാപം പിടിച്ച ഏകാന്തത അനുഭവിക്കുന്നത്.
കുട്ടിക്കാലത്ത് കുഞ്ഞുങ്ങൾക്ക് സ്നേഹം കോരിച്ചൊരിഞ്ഞു കൊടുക്കേണ്ട കാലത്ത്,
അവരെ പ്ളേ സ്കൂളിലും കിൻറർഗാർട്ടനിലും ആയേടെ കയ്യിലും വിടും.
വലുതാവുമ്പൊഴോ വൃദ്ധമാതാപിതാക്കളോടവർ ഇവ്വിധം പകരം വീട്ടും….”
ഞാൻ പതിയെ തിരിഞ്ഞു നിന്നു.
സുഷമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
അവളൊരുപക്ഷേ അവളുടെ മക്കളെ ഓർത്തുകാണണം.
” ആൻറീ…. ”
സ്നേഹാർദ്രമായ ആ ശബ്ദത്തിൽ അത്രനേരവും തോന്നാതിരുന്ന ഒരു വല്ലാത്ത അടുപ്പം എനിക്കു തോന്നി.
അവൾ എൻറെ രണ്ടുകൈയ്യും അവളുടെ കൈക്കുള്ളിലാക്കി ക്ഷമാപണസ്വരത്തിൽ പറഞ്ഞു..
”ഞാനിപ്പൊ ഡ്യൂട്ടിയിലാണ്.
ഒരു പ്രാജക്ടിൻറെ ഭാഗമായാണ് ഇന്ത്യയിൽ വന്നത്.
അടുത്തു തന്നെ ഞാൻ വരും.അച്ഛനേം അമ്മയേം കൊണ്ടൊവാൻ…”
ഇത്തവണ എൻറെ കണ്ണുകളാണ് നിറഞ്ഞത്. ഉള്ളിലെവിടെയോ ശാന്തിയുടെ തണുത്ത തുള്ളി വീണപോലെ…..