ശ്രീകുമാർ ചേർത്തല
ഈ മഴ നിറമിഴിയോടെയെരിയുവതെന്തേ
ഏകാന്തമീയിരവിൽ നഷ്ടസ്മൃതിയോടെ പിന്നെയും ?
ഈ പുഴ കരയുവതെന്തേയീയിരവിതിൽ നന്തുണിപ്പാട്ടിന്നഴൽപോലെ,
ആത്മാവിൽ വഴിയുന്ന ഗാനം പോൽ പിന്നെയും?
ഈ കാറ്റു കരയുവതെന്തിനീയി രവിതിൽ ,
വിരഹാർദ്ര കോകിലപ്പഞ്ചമം പോൽ ?
അതിഗൂഢമാരോ കൊളുത്തിയ പടുതിരി പോലെ ആഷാഢ പനിമതി വിളറി ചിരിക്കെ,
നിരവദ്യയാമത്തിൻ തമസ്സിന്റെ നിർഝരി ഏതോ വിഷാദ ഗാനം കൊരുക്കേ ,
ഒരു മാത്ര സൗവർണ്ണ പ്രപഞ്ചപഥങ്ങളിൽ നിറയുന്ന
പ്രണവത്തിൻ മൗനമധു നുകരുവാൻ,
ഇവിടെയീ വിശ്വ ജനുസ്സുകളാകവേ ആ മഹാമൗന പ്രതീകങ്ങളായ് കാണാ,
നാമധുര നിശബ്ദതയിലാകവേ , വിലയിച്ചുറങ്ങുവാനതിലൊരു
സ്വപ്നശലാകയായ് സ്പന്ദിക്കാനൊരുവേള വീണ്ടും കാത്തിരിപ്പൂ ഞാൻ….