തുളസി കേരളശ്ശേരി
വൃത്തിയുള്ള വടിവൊത്ത അക്ഷരത്തിൽ
അടുക്കിപ്പെറുക്കി മനോഹരമാക്കിയതെങ്കിലും
അതൊരു കഥയോ കവിതയോ അല്ല, പരാതിയാണല്ലോ എന്ന ഗൗരവതരമായ ചിന്തയിൽ ശ്രിലതാവർമ്മ ഇതികർത്തവ്യതാ മൂഢയായി മൂകയായി , താടിക്ക് കൈയ്യുംകൊടുത്ത്ഒരേ ഇരിപ്പ് ഇരുന്നു.
ഒന്നു സംസാരിച്ചാൽ, ഒന്നു ചിരിച്ചാൽ ഉടഞ്ഞുപോകുന്ന ബുദ്ധിജീവിത്തത്തിൻറെ കനമുള്ള ഇമേജും പേറി ചിന്താധീനയായിരിക്കുന്ന കമ്മീഷൻ ചെയർപേഴ്സൻ കൂടിയായ മിസിസ് വർമ്മയെ ചുറ്റുപാടിലേക്ക് തിരികെ
ക്ഷണിച്ചത് മറ്റൊരു കമ്മീഷൻ അംഗമായ
അന്നമ്മ ജോർജ്ജിൻറെ മുരടനക്കലായിരുന്നു.
പതിയെ തലയുയർത്തി
ദീർഘനിശ്വാസത്തോടെ
അവർ പരാതി അന്നമ്മ ജർജ്ജിനു കൊടുത്ത് വീണ്ടുംഅതേ ഇരിപ്പ് ഇരുന്നു.
അവരുടെ
മിഴികളല്ലാത്ത സകല അവയവങ്ങളും ചലന സ്വാതന്ത്ര്യമില്ലാത്തതുപോലെ
അനക്കമറ്റിരുന്നു.
”ഒരു പുരുഷകമ്മീഷൻ നിലവിലില്ലാത്തതുകൊണ്ടും
ജീവിതപ്രതിസന്ധിക്കു കാരണം ഒരു വനിതയായതുകൊണ്ടുമാണ് വനിതാ കമ്മീഷന്
ഇങ്ങനൊരു പരാതി സമർപ്പിക്കേണ്ടിവന്നതെന്ന ആമുഖത്തോടെ തുടങ്ങുന്ന പരാതിയിലൂടെ കണ്ണോടിച്ചപ്പോൾ,
അന്നമ്മ ജോർജ്ജിനുണ്ടായ സമ്മിശ്രവികാരങ്ങൾ
വിവരണാതീതമായിരുന്നു.
വായനയ്ക്കുശേഷം വല്ലാത്തൊരു മാനസീകാവസ്ഥയിലായിപ്പോയ അവർ ശ്രീലതാവർമ്മയോടായി പറഞ്ഞു.
”വേഗം തന്നെ എക്സിക്യൂട്ടീവ് കൂടാം.ഒരു ഗഹനമായ ചർച്ച വേണ്ട വിഷയമാണിത്.”
അന്നമ്മ ജോർജ്ജിൻറെ അഭിപ്രായത്തിന് ചെറുതായൊന്നു തലയാട്ടുക മാത്രം ചെയ്ത് ശ്രീലതാവർമ്മ എഴുന്നേറ്റു .
സ്ത്രീ വർഗ്ഗത്തിൻറെ മുഴുവൻ ബൗദ്ധീകവികാസത്തിനുതകുന്ന ചിന്തകളുടെ പ്രസരണം,
തൻറെ മസ്തിഷ്കത്തിൻറെ മാത്രം ഉത്തരവാദി്ത്തമാണെന്ന് തോന്നുംവിധം
തലയൊന്നു താഴ്ത്തുകയോ, ചെരിക്കുകയോ,
തിരിഞ്ഞുനോക്കുകയോ ചെയ്യാതെയുള്ള ആ നടത്തം അന്നമ്മ ജോർജ്ജ് നോക്കിയിരുന്നു.
പിന്നെ, പതിയെ എണീറ്റു നടന്നു.
വല്ലാത്തൊരസ്വസ്ഥതയും അശാന്തിയും പേറിയാണ് അന്നമ്മ ജോർജ്ജ് അന്നു വീടെത്തിയത്. അവരുടെ വലിഞ്ഞു മുറുകിയ മുഖം കണ്ടിട്ടാവണം ലോണിലിൽ മകളോടൊപ്പം ബാട്മിൻറൺ കളിക്കുകയായിരുന്ന ജോർജ്ജ്
‘ അന്നമ്മോ ….
ഇന്നേത് കുരിശാ തലയില്,
ദേ ആ ചവറൊക്കെ പുറത്തുകളഞ്ഞ് വീട്ടീകേറ്യാമതി ട്ടൊ എന്ന സ്നേഹശാസന നൽകിയത്.
ഒരു പുഞ്ചിരിയോടെ അവരതിനെ സ്വീകരിച്ചമട്ടിൽ അകത്തേക്കു നടന്നു.
എന്നാൽ ചിന്തകൾ തുടർച്ചയായി വേട്ടയാടിക്കൊണ്ടേയിരുന്നു.
മുപ്പത്തഞ്ചുകാരനായ സുഭാഷ് എന്ന പരാതിക്കാരൻറെ ജീവിതപ്രശ്നങ്ങൾ ഒരു തിരക്കഥപോലെ മുന്നിൽ വീണ്ടും വീണ്ടും തെളിഞ്ഞു.
ആദ്യരാത്രിയിൽ…
”ഒറ്റയ്ക്കു കിടന്നാണെൻറെ ശീലം, ആരും തൊട്ടുമുട്ടുന്നതിഷ്ടല്ല,
സുഭാഷിവിടെ കിടക്കൂ ഞാൻ ആ സെറ്റിയിൽകിടക്കാം,
സെക്സ് ഇന്നു വേണ്ടതാനും. ഞാൻ വല്ലാതെ ടയേഡ് ആണ്’ എന്നു പ്രഖ്യാപിച്ച്, ടിവിയും കണ്ട് സോഫയിൽ കിടന്നുറങ്ങി ജീവിതത്തിലെ ആദ്യപ്രഹരമേൽപ്പിച്ച ഭാര്യ ഹർഷയെക്കുറിച്ചുള്ള പരാതികൾ അനവധിയാണയാൾക്ക്.
അവൾക്കിഷ്ടമില്ലാത്തതുകൊണ്ടുമാത്രം
ബെഡ് കോഫി നിഷേധിക്കപ്പടുന്നതും
അവൾക്കുവേണ്ടി മാത്രം എ.സിയുടെ തണുപ്പിൽ കിടന്ന് ശ്വാസതടസ്സം അനുഭവിക്കേണ്ടി വരുന്നതും
അവൾക്കിഷ്ടപ്പെട്ട കറികൾ കഴിക്കാൻ നിർബന്ധിതനാവുന്നതും
അവൾക്കുവേണ്ടി മാത്രം അച്ഛനാവുക എന്ന പുരുഷസ്വപ്നം മാറ്റി വയ്ക്കേണ്ടി വരുന്നതും
എന്തിന്….
അവൾക്കാഗ്രഹമുള്ളപ്പോൾമാത്രം സെക്സിനു വഴങ്ങേണ്ടിവരുന്നതുമടക്കം അനവധി വേദനാജനകമായ അനുഭവങ്ങൾ അയാൾ അക്കമിട്ടു നിരത്തിയിരുന്നു.
പനിച്ചുവിറച്ചിരിക്കുമ്പോൾ ഓറൽസെക്സിന് നിർബന്ധിക്കുന്ന ഭാര്യയെ നിങ്ങൾക്ക് എവിടെങ്കിലും കണ്ടോ കേട്ടോ പരിചയമുണ്ടോ എന്നയാൾ ചോദിക്കുമ്പോൾ ഉത്തരംമുട്ടിക്കുന്ന ഭയാനകത ചിന്തകളിൽ നിറയുന്നതായി അന്നമ്മ ജോർജ്ജിനു തോന്നി.
വണ്ടിയെടുക്കാൻ വയ്യെന്നു പറയുന്ന ദിവസം ഡ്രൈവറേയും കൂട്ടി കറങ്ങാൻ പോവുകയുംഅസമയത്ത് കയറിവരികയുംചെയ്യുന്ന ഒരു പെണ്ണിനെ നിങ്ങടെ വീട്ടിൽ വച്ചുപൊറുപ്പിക്കുമോ എന്ന അയാളുടെ ചോദ്യം ഉൾക്കിടിലത്തോടെയാണല്ലോ വായിച്ചതെന്ന് അന്നമ്മ ഓർത്തു.
പിന്നെന്തിന് സഹിക്കുന്നൂ , ഡൈവേഴ്സ് ചെയ്തൂടെ എന്നു സ്വാഭാവികമായും ചോദ്യമുയരാം.
അതിനുള്ള ഉത്തരമാണ് അയാളുടെ അടുത്ത വരികൾ..
ഉപേക്ഷിക്കാൻ എനിക്കാവുന്നില്ല. കാരണം എൻറെ മാൻപേടപോലത്തെ പാവം അനുജത്തി ഹേമയെ വിവാഹം ചെയ്തിരിക്കുന്നത് ഹർഷയുടെ ആങ്ങള ഹിതേശാണ്.
ജന്മനാ കേൾവിക്കുറവുള്ള അവളെ ഏറ്റെടുത്തെന്നുമാത്രമല്ല അവൾക്കുവേണ്ട ചികിത്സയും അയാൾ ചെയ്യുന്നുണ്ട്…..’ ഹേമയുടേയും ഹിതേശിൻറേയും വിവാഹത്തിനായി സുഭാഷ് സ്വജീവിതം ബലികൊടുത്തു എന്നർത്ഥം.
” എൻറെ വഴിയിൽ പ്രതിബന്ധം സൃഷ്ടിച്ചൽ
നിങ്ങളുടെ പെങ്ങൾ വെറും തെരുവിലല്ല,
ചുവന്ന തെരുവിലെത്തുമെന്ന് ഹർഷ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതും അയാളുടെ പരാതിയിലെ എടുത്തുപറയേണ്ട ഗൗരവമേറിയ വിഷയമാണെന്ന് അന്നമ്മ ജോർജ്ജ് ഓർത്തു. ഇല്യ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കണമെന്നാണ് അയാളുടെ അപേക്ഷ.
ഇതിലെ ഇലയേത്,മുള്ളേത് എന്നവർ അത്ഭുതപ്പെട്ടു.
സത്യമെങ്കിൽ ഇതിങ്ങനെ വിട്ടൂട. അവർ മനസ്സിലുറച്ചു.
പിറ്റേന്ന്, ഭാരമേറിയ മനസ്സുമായി അവർ ശ്രീലതവർമ്മയുടെ വീടെത്തി.
ശ്രീലതയുടെ ഉള്ളറിയുക പ്രയാസമാണെങ്കിലും കമ്മീഷൻ ചേരും മുൻപ് ഒരു ചർച്ച ഈ വിഷയത്തിൽ അനിവാര്യമാണ്.
ശ്രീലതാവർമ്മയുടെ വീടിൻറെ പുറത്ത് സിറ്റൗട്ടിനോട് ചേർന്ന് മനോഹരമായി ഒരുക്കിയ ഓഫീസിൽ അന്നമ്മ ജോർജ്ജ് ക്ഷമയോടെ കാത്തിരുന്നു.
അൽപ്പസമയത്തിനുള്ളിൽ സുന്ദരിയായ ഒരു യുവതി ഒരു കപ്പ് കാപ്പിയുമായെത്തി.
”ആൻറീ കാത്തിരുന്നു മുഷിഞ്ഞോ? മമ്മി ഇപ്പൊ വരും ട്ടൊ” എന്ന മര്യാദാ വചനങ്ങളോടെ അവൾ മുന്നിൽ ചിരിച്ചു നിന്നു.
”മോൾടേ പേരെന്താ??”
കാപ്പി കുടിക്കുന്നതിനിടയിൽ വെറുമൊരു ഔപചാരികതയ്ക്കായി അന്നമ്മ ജോർജ്ജ് ചോദിച്ചു.
”ഹേമ”
ചെവിയിലേക്കൂർന്നുവന്ന മുടിയിഴകൾ മാടിയൊതുക്കി അവളതു പറഞ്ഞതും അന്നമ്മ ജോർജ്ജ് അത്ഭുതത്തോടെ അവളെ നോക്കി. അപ്പോഴാണ് ഹേമയുടെചെവിയിലെ ഹിയറിങ്ങ് എെയ്ഡ് അന്നമ്മ ശ്രദ്ധിച്ചത്.
“”ഹസ്ബൻറ്?””
”ഹിതേശ്…
ബിസിനസ്സ് ആണ്. ആൻറി കണ്ടിട്ടില്ലാല്ലേ…”
അൽപ്പം തളർച്ചയോടെ അന്നമ്മ ഇല്ലെന്ന് തലയാട്ടി.
”കുട്ടിക്ക് സഹോദരങ്ങൾ ആരേലും..??”
” ഉണ്ട്. സുഭാഷ്. ഏട്ടൻ
.ബാഗ്ളൂരാണ്. കനറാബാങ്ക് ഓഫീസർ..”
അന്നമ്മ ജോർജ്ജ് പെട്ടെന്ന് ചാടിയെഴുന്നേറ്റു. നെറുകിലേക്കിരച്ചുകയറിയ കാപ്പി ചുമച്ചു പുറന്തള്ളാനെന്ന വ്യാജേന പുറത്തേക്കോടി.
ശരവേഗത്തിൽ അവരുടെ കാറിനടുത്തേക്കുകുതിച്ചു…..