നിഴൽക്കൂത്ത്

നിഴൽക്കൂത്ത്

മായ ബാലകൃഷ്ണൻ

കണ്ണീരാറ്റി കുറുക്കിയ
മുൾപ്പടർപ്പിൽ
നിനവിന്റെ സ്വേദകണങ്ങൾ
ഒരു തലോടലായി
കണ്ണിണകളിൽ
നനവു പടർത്തി .
ഒരുതളിരില ,തേൻകണമായ്
കിനിഞ്ഞിറങ്ങവേ
എന്നുള്ളിലേ ഉറവപൊട്ടി
തൊട്ടുനനച്ചു നിൻ
ഹൃത്തടവും !
ഈറൻ കൺകളിൽ
കൈകോർത്തു പരസ്പരം
നാമിരുവരും അറിയുന്നു
ആഴക്കടലിൻ തോണിയിൽ
ഉടലുപൊഴിച്ചു, വെറും
ജീവിതപടം നിവർത്തിവച്ചു
ഇരുകരയ്ക്കിരുന്നു
വിലപിക്കുവോർ നാം !
ആദ്യന്തങ്ങൾ അറിയാതെ സ്വയം
നിഴലുപൊത്തി കളിക്കുന്നു നാം .
നിനവിന്റെ സ്വേദകണങ്ങൾ
ഒരുതലോടലായി
കണ്ണിണകളിൽ
നനവു പടർത്തവേ ,
ആദിമചേതസ്സിൻ
രൗദ്രക്രീഡകൾ കാണാതെ
സ്വയം നിഴലുപൊത്തി
കളിക്കുന്നു നാം.!
സ്വയം നിഴലുപൊത്തി
കളിക്കുന്നു നാം.!