ഇത്രയേയുള്ളൂ അല്ലേ

ഇത്രയേയുള്ളൂ അല്ലേ

കെ .വി .സക്കീര് ഹുസൈൻ

മറന്നു പോയിരുന്നു
സംവാദത്തിനിടയിൽ
അയാൾ ഒരു വലിയ
പുലി യായിരുന്നുവെന്ന കാര്യം
സംസാരത്തിനിടയിൽ കയറി വന്ന
തത്ത്വശാസ്ത്രപരമായ വർത്തമാനത്തിനു
ക്രോസ് ചെയ്തപ്പോൾ അടികിട്ടിയ
പുളവൻ പിടഞ്ഞു
മറ്റാരോ വിളിക്കുന്നതായി അഭിനയിച്ചു
മൊബൈലിനൊടൊപ്പം
റൈഞ്ചില്ലാത്ത
സ്ഥലത്തെത്തി.

എന്റെ നെഞ്ചിടിപ്പ് വർധിച്ചു
അടുത്ത നാൾ
ഞാനടുത്ത്
അകലമില്ലാതെ നിന്നിട്ടും
മിണ്ടുന്നില്ല,
പൂച്ച് പുറത്തായ കോപം
ഉള്ളിലൊതുക്കിയ
പാറക്കല്ലായി,വടവുകൾ
മുഖത്ത്.

മനോഗതം
പ്രതിവചിച്ചു
ഇത്രയേയുള്ളൂ അല്ലേ…

ആവിഷ്കാരങ്ങൾക്കുവേണ്ടി
കരളു പറിച്ചു കൊടുക്കുമെന്ന്
വീമ്പു പറയുന്നതു
കണ്ട ആളാണ് ഞാൻ

ചുട്ടുപഴുത്തആവി
കണ്ണിലൂടെ
തുറന്നു വിട്ടു
.
മിന്നൽ നേരം കൊണ്ട്
വിലക്ക്
മറ്റു മുഖഭാവങ്ങളിലും
കത്തി .

ഇതാണ്
സ്വാതന്ത്ര്യം
ജനാധിപത്യം
എന്നൊക്കെ പറയുന്ന
മാങ്ങാത്തൊലി.

അതപ്പടി ഏറ്റുപിടിക്കുന്ന
അടിമപ്പാളം
അതതിലും
കഷ്‌ടം

അടുത്ത ചെവിയോട്
കുറുകിയാൽ
ഇതരനെ കൂടെ കൂട്ടിയാൽ
തകർന്നു പോകുന്നു,സഹാറ

വിലക്കുകൾ ലംഘിച്ചാൽ
ഹൃദയത്തിന്റെ കതക്
കൊട്ടിയടക്കുന്നു,
മനംഐസ് കട്ടയാവുന്നു,
അവന്റെ പേരാണ് ഇരുകാലിഎന്ന
മനുഷ്യൻ
.
വർഷങ്ങളായി
ആ ലെവൽ ക്രോസിൽ തന്നെ
ഒരാൾ കാത്തു നിൽക്കുന്നു