ട്രാഫിക്ക് ബ്ലോക്ക്

ട്രാഫിക്ക് ബ്ലോക്ക്

സാബു ഹരിഹരൻ

വളരെ കാലത്തിനു ശേഷമാണയാൾ ആ വഴി പോയത്. ഒരു ബന്ധുവിന്റെ മരണമറിഞ്ഞു പോവുകയായിരുന്നു. ബസ്സ് മുൻപരിചയമുള്ളിടങ്ങളിൽ കൂടി പോയപ്പോൾ അയാൾ പഴയ സ്ഥലങ്ങൾ, മുഖങ്ങൾ ഓർത്തെടുത്തു കൊണ്ടിരുന്നു. കടകൾ, മരങ്ങൾ പലതും അപ്രത്യമായിരിക്കുന്നു. പകരം പുതിയ കെട്ടിടങ്ങൾ. അവിടമൊരു പട്ടണമായി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. അങ്ങാടിക്കുരുവികൾ അപ്രത്യക്ഷമായിരിക്കുന്നു. അയാളോർത്തു, ഇവിടെ ഏതോ ഒരു വീട്ടിൽ, ഏതോ ഒരു മുറിയിൽ ചിലപ്പോൾ അവളുണ്ടാകും. കുറച്ച് കഴിഞ്ഞപ്പോൾ വേഗത കുറയുകയും ബസ്സ് ഒരു ട്രാഫിക് ബ്ലോക്കിൽ പെട്ട് നില്ക്കുകയും ചെയ്തു.

സത്യത്തിലവൾ എന്തിനാവും വേർപിരിയണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്?. അതും പന്ത്രണ്ട് വർഷത്തെ ദാമ്പത്യബന്ധത്തിനു ശേഷം?. കുട്ടികൾ ഉണ്ടാവാത്തത് തന്റെ കുറ്റമല്ലെന്ന് അവൾക്ക് നന്നായറിയാം. ചികിത്സകൾ ധാരാളം നടത്തിയതാണ്‌. ഇനി ഒരുപക്ഷെ തന്നെ വിടുവിച്ചതാണോ?. ഒരു കുഞ്ഞിന്റെ അച്ഛനാവണമെന്ന തന്റെ അദമ്യമായ ആഗ്രഹത്തിനൊരു തടസ്സമാവരുതെന്ന തോന്നലിൽ?. പക്ഷെ..വേർപെടുത്തിയാലും താനിനി മറ്റൊരു വിവാഹം കഴിക്കില്ലെന്ന് പറഞ്ഞിട്ടും..അതോ അവൾ തന്റെ സഹതാപവും സാന്ത്വനവും മടുത്തു തുടങ്ങിയതു കൊണ്ടാവുമോ?. തന്നെ കാണുമ്പോഴൊക്കെയും നിരാശ വന്നു മൂടുന്നു എന്ന് പറഞ്ഞത്..

രണ്ട് കയ്യൊപ്പുകൾ. വിവാഹരജിസ്ട്രറിലും രണ്ടുകയ്യൊപ്പുകളുണ്ടായിരുന്നു. അതു പോലെ തന്നെ. പക്ഷെ അത്തവണ സന്തോഷം നിറഞ്ഞ മുഖങ്ങളോ, അനുഗ്രഹിക്കാൻ കൈകളോ ചുറ്റുമുണ്ടായിരുന്നില്ല. എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒപ്പുകളിലാണ്‌. എത്ര വിചിത്രമാണത്.

ഇപ്പോൾ ഓർമ്മകൾക്കൊപ്പമാണ്‌ ജീവിതം. ജീവിതം ഒരുപിടി ഓർമ്മകൾ മാത്രം. വൃദ്ധിക്ഷയം വന്ന നാളുകളിൽ എടുത്തോമനിക്കാൻ ഓർമ്മകൾ മാത്രം. ആദ്യമായി കണ്ടത് ഒരു ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നില്ലെ?. ആൾത്തിരക്കിനിടയിൽ. മറ്റുള്ളവർക്ക് ആകർഷണമൊന്നും തോന്നാത്ത ഒരു മുഖമായിരുന്നു അവൾക്ക്. പുരോഗമനചിന്താഗതിയുള്ള മാതാപിതാക്കളുടെ അനുഗ്രഹം. അതൊരു ഭാഗ്യം.

ആദ്യമായി ഒരു വീട്ടിൽ താമസമായത്..ആ വാടക വീട്ടിൽ കനകാമ്പരവും കാനപൂക്കളും ഉണ്ടായിരുന്നു.. സാമ്പാറുണ്ടാക്കിയപ്പോൾ, ‘ഇതു സാമ്പാറാണെങ്കിൽ രസം എങ്ങനെ ഇരിക്കും?’ എന്നു പറഞ്ഞു കളിയാക്കിയത്. അതോർത്തപ്പോൾ ഒരു നേരിയ ചിരി ചുണ്ടിൽ വന്നു മാഞ്ഞു. തറവാട്ട് കുളത്തിൽ നീന്തൽ പഠിപ്പിച്ചു തരണമെന്ന് പറഞ്ഞത്..മധുവിധുവിനു കൊടൈക്കനാലിൽ പോയിട്ട് മുഴുവൻ സമയവും ‘പുറത്ത് നല്ല തണുപ്പ്. ഒരിടത്തേക്കുമില്ല’ എന്നും പറഞ്ഞിരുന്നത്..ഒക്കെയും ഓർമ്മകൾ മാത്രം. ഏതോ രണ്ടു പേർ. ഒരു യുവതിയും യുവാവും. അങ്ങനെയെ തോന്നുന്നുള്ളൂ. സമയത്തിലൂടെ പിന്നോക്കം പോയാൽ അവരിപ്പോഴുമവിടെയുണ്ടാവും.

റോഡിലെ തടസ്സം മാറിയെന്നു തോന്നുന്നു. വാഹനങ്ങൾ പതിയെ മുന്നോട്ടെടുത്തു തുടങ്ങി. അയാൾ ചുറ്റിലും നോക്കി. ബസ്സ്റ്റോപ്പിൽ നില്ക്കുന്ന ഒരു സ്ത്രീയിലപ്പോഴാണ്‌ ശ്രദ്ധ പതിഞ്ഞത്. അതേ രൂപം. ഇല്ല, ആവാൻ വഴിയില്ല. ആയിരങ്ങൾ താമസിക്കുന്ന ഈ പട്ടണത്തിൽ, വർഷങ്ങൾക്ക് ശേഷം ബസ്സിൽ സഞ്ചരിക്കുമ്പോൾ, കണ്ണിൽ വന്നുപെടാൻ തക്ക യാദൃശ്ചികത. അതസാധ്യം. അയാൾ ആ സ്ത്രീയെ തന്നെ സൂക്ഷിച്ചു നോക്കി. അവൾ അയാളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ആ സമയമത്രയും. നോക്കും തോറും അയാൾക്ക് തോന്നി അത് അവൾ തന്നെയാണെന്ന്. തന്റെ രൂപം..ഇപ്പോൾ തനിക്ക് പഴയ പോലെ തല നിറച്ചും ചുരുണ്ടമുടിയില്ല. ശരീരത്തിനു പഴയ ഓജ്ജസ്സുമില്ല. എങ്ങനെ അവൾ തന്നെ തിരിച്ചറിയും?. അവളും മാറി പോയിരിക്കുന്നു. മുടി നരച്ചുതുടങ്ങിയിരിക്കുന്നു. പക്ഷെ കണ്ണാടി വെച്ച മുഖം..അതവൾ തന്നെയല്ലെ?. കൈയ്യുർത്തിയാലോ?. അതൊ ഇനി ഏതെങ്കിലും അപരിചിത?. തീർച്ചപ്പെടുത്താൻ വാഹനത്തിൽ നിന്നും ഒന്നിറങ്ങി ചെന്നാലോ?. അടുത്ത് ചെല്ലുമ്പോൾ അതവളല്ലെങ്കിൽ..?. ബസ്സ് മുന്നോട്ടെടുക്കുമ്പോൾ ആ സ്ത്രീ അയാളുടെ നേർക്ക് നോക്കി പതിയെ കൈവീശി കാണിക്കുന്നത് കണ്ട് അയാളും കൈയ്യുർത്തി വീശി കാണിച്ചു. ദൂരെ യാത്രയ്ക്ക് പോകും മുമ്പ് പണ്ടും ഇതു പോലെ കൈ വീശി കാണിച്ചായിരുന്നു യാത്ര പറഞ്ഞിരുന്നത്..അവൾ തന്നെ തിരിച്ചറിഞ്ഞു?. അയാൾ ബസ്സ് മുന്നോട്ടെടുത്തിട്ടും ആ സ്ത്രീയെ തന്നെ നോക്കി കൈ വീശി കാണിച്ചു കൊണ്ടിരുന്നു. അവർ തിരിച്ചും.

ശരിക്കും അത് അവൾ തന്നെയായിരുന്നു?. തനിക്ക് ബസ്സ് നിർത്തിച്ച് അവളുടെ അടുത്തേക്ക് പോകാമായിരുന്നു. ഇനിയൊരിക്കലും കാണില്ല എന്നു പറഞ്ഞ് പിരിഞ്ഞതാണെങ്കിലും. ഇപ്പോൾ താൻ ഒരു വൃദ്ധനായിരിക്കുന്നു. മനസ്സു കൊണ്ടും ശരീരം കൊണ്ടും. താൻ ജീവിക്കുന്നത് തനിക്ക് വേണ്ടി കൂടിയും അല്ല. അവൾ ഇപ്പോൾ ഒറ്റയ്ക്കായിരിക്കുമോ?. അതോ യാദൃശ്ചികമെന്നു തോന്നുന്ന ഈ ഒരു കാഴ്ച്ച ഒരു നിമിത്തമാവുമോ?. എന്താണ്‌ ചെയ്യേണ്ടത്?. ബസ്സ് ഇവിടം വിട്ട് മുന്നോട്ട് പോയ്ക്കഴിയുമ്പോൾ അവൾ മറ്റെവിടെയെങ്കിലും പോകും. ഇനിയൊരിക്കലും കാണുവാനുള്ള സാധ്യതയില്ല.

അല്പനേരത്തെ ആലോചനയ്ക്ക് ശേഷമയാൾ ഏതോ ഒരു ഉൾവിളി കേട്ടതു പോലെ പെട്ടെന്നെഴുന്നേറ്റ് കണ്ടക്ടറിന്റെ അടുത്തേക്ക് നടന്നു. ബസ്സ് ട്രാഫിക്ക് തടസ്സത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ആശ്വാസത്തിൽ മുന്നോട്ട് പോകാൻ വേഗതയാർജ്ജിക്കുകയായിരുന്നു അപ്പോൾ.