മഴയായ് പെയ്ത്

മഴയായ് പെയ്ത്

ജൂലി ഗണപതി

എനിയ്ക്കു വീണ്ടുമാ മഴ നനയണം
അനന്തപ്രണയം ഹൃദയത്തിൽ നിറച്ച്
എന്നിൽ ആർത്തലച്ചു പെയ്ത മഴ
ഇന്ദ്രിയങ്ങൾക്കപ്പുറം നിന്നും
ഓംകാര ധ്വനി മുഴക്കിയെത്തിയ മഴ
താരകപ്രണയം തളിർക്കുകയും പൂക്കുകയും
ചെയ്ത രാവിൽ എൻറെ നെഞ്ചിൽ
ഉന്മാദം നിറച്ചു പെയ്തൊരാമഴ
മഴക്കാടിൻറെ ഇരമ്പൽ പോലെ ഓർമ്മകൾ
സ്നേഹത്തിൻറെ നനവു പടർത്തിയെത്തുന്നു
ഇരുളിൽ നനഞ്ഞു കയറിയ നിശാഗന്ധിക്കും
പുതുമണ്ണിൻ സുഗന്ധം
നീ വീണ്ടുമൊരു മഴയാകു
നിൻറെ ഓരോ തുള്ളിയും വീണെൻറെ
മൺകുടം നിറഞ്ഞു തുളുമ്പട്ടെ
വേനലിലും ശിശിരത്തിലും ഓരോ ഋതുവിലും
നിർത്താതെ പെയ്യുക നീയൊരു പ്രളയമായ് തീരും വരെ
കാറ്റിലാടുന്ന പൂങ്കുല പോലെ ആ ജലപ്പരപ്പിൽ
ഒരു കുഞ്ഞു തോണിയായ് ഞാൻ ഒഴുകി നടക്കാം