കുപ്പായം

കുപ്പായം

ശ്രീകുമാര്‍ ചേര്‍ത്തല

ഇനിയും നീ മൊഴിയുമെങ്കില്‍ ചോരയാല്‍
പങ്കിലമിപ്പാപ കുപ്പായമണിയാം…
എന്‍ നേരെ നീളുന്ന ദൈന്യം വഴിയുന്ന
മിഴികളെക്കാണാതെ ചുടുചോരയിമ്മണ്ണില്‍ വിടര്‍ത്താം….
ഇനിയും നീ മൊഴിയുമെങ്കിലീനഗര
മിതാകെ ഞാനഗ്നിനാളങ്ങള്‍ക്കേകാം…
ഒടുവിലവശേഷിച്ച വെണ്ണീറതാകെ ഞാന്‍
നിന്‍ കാല്‍ക്കല്‍ വച്ചു കൈകൂപ്പാം…
അതിലാകെ തിരയുക, ചരിത്രങ്ങള്‍ ,
രോദനം, വഴി തെറ്റിപ്പോയ നിയോഗം..
ഇനി നമുക്കീശ്യാമ മൗന ശലാഖകള്‍ പാറുന്ന,
നിശയെക്കണ്ണീരിലാഴ്ത്താം…
വേപഥു ഹൃദയങ്ങള്‍ ചാര്‍ത്തുന്ന
ശാപവചസ്സുകള്‍ പങ്കിട്ടെടുക്കാം….
ഒരിക്കലുമിക്കുപ്പായത്തെയൂരാതെ
ഹൃദയത്തെയാഴക്കടലിലെറിയാം….