കുരിശ്

കുരിശ്

ഷാജി നായരമ്പലം

കുന്നോളം പേരുകേട്ടിപ്പെരുമല മലയാ-
റ്റൂരിലെപ്പള്ളി കാണാന്‍
വന്നൂ ഞാൻ പുണ്യവാളാ! കൊടിയ മലയിലും
കേറിടാനെത്ര ഭക്തര്‍!
വന്നില്ലല്ലോയശേഷം, കൊടുമലകയറും
ഭക്തരിൽപ്പീഡഭാവം;
ഇന്നയ്യോ ഞാൻ വലഞ്ഞൂ! കയറുക വിഷമം
വീണു പോയില്ല ഭാഗ്യം!

കല്ലും വേരും തടഞ്ഞും, പലകുറി വഴിയിൽ-
ത്തൂങ്ങിനിന്നും, ചിലപ്പോൾ
നില്ലാതേ വന്നുപോകും ജനതതിയൊഴുകും-
മട്ടിൽ ഞാനും തുഴഞ്ഞും,
വന്നൂ ഞാൻ പുണ്യവാളാ, തിരുമുടി തൊടുവാൻ,
എന്റെ പാപങ്ങളെല്ലാം
പിന്നിട്ടാ പീഡയാത്രാവഴികളിൽ വിതറി-
പ്പോന്നുഞാനെത്രയാണോ!

കുന്നിന്മോളിൽപ്പടുത്താപ്പഴമപണിയുവാ-
നൊട്ടുപേർ നിൻമഹത്വം
സ്വന്തം തോളിൽ ചുമന്നും മലയുടെ നെറുകേൽ
പള്ളിയായ്ത്തീർത്തു വച്ചൂ,
നീ തൊട്ടപ്പോൾച്ചുരന്നൂ പ്രകൃതിയുടെ ജലം
കല്ലിലും, നിന്നുപൊകാ-
തിന്നും വീഴ്ത്തുന്നു തീർത്ഥം, മലകയറിവരു-
ന്നോർക്കു നീ തീർത്ത ലേപം!

എന്നാലും പുണ്യവാളാ, കൊടുമുടി മുഴുവൻ
കുന്നിലും കുന്നുപോൽ ഹാ!
വാന്നോരെല്ലാം ചുമക്കും കുരിശുകൾ നിരയായ്-
ക്കെട്ടിഞാത്തുന്നിതെന്തേ?
കൊല്ലാതേ കൊല്ലുവാനായ്പ്പണിതിതു മനുജൻ,
ദൈവപുത്രന്റെ ജീവൻ
വല്ലാതേ നൊന്തുമാഴ്കേ, പെരുമ പണിതൊരീ
ആയുധത്തിന്നു വാഴ്ത്തോ?