വിൻസി ആത്സൻ
നിനവിൽ നിന്നൊരു കൂട്
കാട്ടുതേൻ കരുതുന്നു
നിനക്കായ്,
ഓർമ്മകളിൽ നിന്ന്
പ്ലാവിലത്തൊപ്പിയും
കൊന്നവടി ചെങ്കോലുമേന്തിയ
രാജകുമാരൻ വരും വരെ!
സ്വപ്നങ്ങളിലെ
കയറ്റിറക്കങ്ങളിലെല്ലാം
സൈക്കിൾ അഭ്യാസിയുടെ
മെയ് വഴക്കം കാണിക്കുകയും
ജീവിതത്തിന്റെ കൈവഴികളിൽ
എവിടെയോ നിലത്തെറ്റി
വീഴുകയും ചെയ്ത ബാല്യത്തെ
ഞാൻ കണ്ടെടുക്കുന്നു
എന്റെ കുരുന്നേ നിന്നിലൂടെ!
ഓട്ടത്തിനിടയിലോ
നിന്റെ വാശിയുടെ കരണം
മറച്ചിലുകൾക്കിടയിലോ
വലുതാകാനുള്ള വീഴ്ചകളും
നിനക്ക് കുരുക്കാനുള്ള തീയും
ഞാൻ കരുതി വയ്ക്കുന്നുണ്ട്
ജീവിതത്തിന്റെ വെയിലത്ത്
വാടാതിരിക്കാൻ
ചുവന്ന് തുടുത്ത അഗ്നി-
പുഷ്പമായ് പടരാൻ
നിന്റെ ഉൾപൂവിലൊരു
മനുഷ്യനുണരാൻ!