വായിക്കപ്പെടുമ്പോൾ

വായിക്കപ്പെടുമ്പോൾ

മാലിനി വി

വായിച്ചുകൊൾകെന്നെ,
എൻറേതല്ലാത്ത ജന്മങ്ങളിലിടത്താളായും
നേർവരികളിലിഴയുന്നക്ഷരനാഗമായും….

സൗന്ദര്യമെന്നും
കാപട്യമെന്നും

സൗഹൃദസൗഗന്ധികമെന്നും
അബലയാമൊരു ചാപല്യമെന്നും

കാരിരുമ്പിൻ കരുത്തെന്നും
ഒരുമ്പെട്ടൊരുത്തിയെന്നും

ഉന്മാദിനിയാം കവിതയെന്നും
ഒരു ചകോരിതൻ മൂളലെന്നും

സമ്മാനമെന്നും
തിരസ്കൃതയെന്നും
ആവുമ്പോലെല്ലാം
മാറിമാറി,വിധിച്ചുകൊൾക..

അർത്ഥാനർത്ഥങ്ങളാലും
അർത്ഥാന്തരങ്ങളാലും
അലങ്കാരാദികളാലും
മിഥ്യയായ് മാറും
കേവലസത്യമതൊന്നേ ഞാൻ..

നേരിൻറെ ചോര ചിന്താതെന്നെ
ഇഴകീറി വായിക്കുമൊരു
പിറവിയുണ്ടെങ്കിലതസാധ്യമെങ്കിലും
അന്ത്യാഭിലാഷമായ്
കുറിക്കയാണിന്ന്..

സത്യമതൊന്നേയുൺമ,
ഉൺമയതൊന്നേ ജന്മം..
ജന്മമിതൊന്നേ ധന്യം