ബി.എം റാസി
നിരാലംബമായ നഗ്നത ക ളാ ണ്
എന്റെ സ്വപ്നങ്ങൾ
അവ നിലവിളിച്ച് കൊണ്ട്
ദിക്കില്ലാതെ ഓടുന്നു
പകൽ മയക്കം വിട്ട്
പാതിരാവിന്റെ കൂർത്ത ദംഷ്ട്രകളിൽ
കുരുങ്ങി അഗ്നിയിൽ, രക്തത്തിൽ
അപമാനങ്ങളുടെ ദുർഗ്ഗന്ധങ്ങളിൽ,
മാലിന്യങ്ങളിൽ …… ഒരു വഴിതിരഞ്ഞ്
ഞാൻ ഞാനല്ലാതായി തീരുന്നു.
ബോധ ശൂന്യമായി പകലും ഇരുളും
എന്നെ ചുറ്റിവരിയുന്നു
ഹാ ….. വയ്യ ……………
ലജ്ജയുടെ പൂക്കൾ
ഉടലിനെ പൂന്തോട്ടമാക്കുന്നു
ഓരോ പൂവും ഇറുത്തെറിയണമെന്ന്
മോഹിക്കുമ്പോഴും
വിളറിയ ചിന്തകൾ
അഗ്നിക്കിരയാവുന്നു.
ഉടലിൽ ഒരു സൂര്യോദയം
എല്ലാ സ്വപ്നങ്ങളേയും
വിവസ്ത്രമാക്കാൻ
വന്നെത്തുന്നു